Sunday, September 26, 2021
Home Gulf Qatar വന്ദേഭാരത് മിഷനില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് അഞ്ച് വിമാനങ്ങള്‍ കൂടി

വന്ദേഭാരത് മിഷനില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് അഞ്ച് വിമാനങ്ങള്‍ കൂടി

ദോഹ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് അഞ്ച് പുതിയ വിമാനങ്ങള്‍ കൂടി പറക്കും. കഴിഞ്ഞ ആഴ്ച 15 വിമാനങ്ങളാണ് കേരളത്തിനായി അനുവദിച്ചത്. അതിനു പുറമേയാണ് മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലേക്ക് പുതുതായി അനുവദിച്ച ഏഴു സര്‍വീസുകളില്‍ അഞ്ചെണ്ണം കൂടി കേരളത്തിന് നല്‍കിയത്.

ഇന്ന് ആരംഭിച്ച മൂന്നാം ഘട്ടം ജൂണ്‍ 30 വരെ നീളും. 19 ന് ശേഷം പുതിയ സര്‍വീസുകള്‍ കേരളത്തിലേക്ക് 24 മുതല്‍ക്കാണ്. 24ന് കൊച്ചി, 26, 27 തിയതികളില്‍ തിരുവനന്തപുരം, 29 ന് കണ്ണൂര്‍, 30 ന് കോഴിക്കോട് എന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍. കേരളത്തിന് പുറമേ ഡല്‍ഹി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്കും ഓരോ പുതിയ സര്‍വീസുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്.

ഇന്ന് ആരംഭിച്ച മൂന്നാം ഘട്ട സര്‍വീസുകളില്‍ ഖത്തറില്‍ നിന്ന് കുട്ടികള്‍ ഉള്‍പ്പെടെ 363 പ്രവാസികള്‍ കൂടി കേരളത്തിലേക്ക് പുറപ്പെട്ടു. കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമാണ് പ്രവാസികള്‍ മടങ്ങിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള 21 വിമാനങ്ങളിലായി 98 കുട്ടികള്‍ ഉള്‍പ്പെടെ 3,604 പേരാണ് ഇതിനകം നാട്ടിലേക്ക് മടങ്ങിയത്. നാളെ ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് 3.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 10.20ന് കോഴിക്കോട്ടെത്തും.

five-more-flights-to-kerala-from-qatar


 

Most Popular