Sunday, July 25, 2021
Home Newsfeed ഖത്തറിലേക്കു വരുന്നവര്‍ക്ക് ഇഹ്തിറാസ് ആപ്പില്‍ പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം

ഖത്തറിലേക്കു വരുന്നവര്‍ക്ക് ഇഹ്തിറാസ് ആപ്പില്‍ പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം

ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ക്കായി ഇഹ്തിറാസ് ആപ്പില്‍ പ്രീ-രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിച്ചു. ആപ്പിന്റെ ഏറ്റവും മുകളില്‍ കാണുന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്താല്‍ യാത്രയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ കരമാര്‍ഗം ഖത്തറിലേക്ക് വരുന്നവര്‍ക്ക് മാത്രമാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത്.

ഖത്തറിലേക്ക് വരുമ്പോഴുള്ള ആരോഗ്യപരമായ നിബന്ധനകള്‍, ക്വാറന്റീന്‍ ആവശ്യമാണോ അല്ലയോ തുടങ്ങിയ കാര്യങ്ങള്‍ മൂന്‍കൂട്ടി മനസ്സിലാക്കാന്‍ രജിസ്‌ട്രേഷന്‍ വഴി സാധിക്കും. നിലവില്‍ ഇതിലൂടെയുള്ള രജിസ്ട്രഷന്‍ നിര്‍ബന്ധമല്ലെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴുള്ള നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനും മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നത് ഒഴിവാക്കാനും സഹായിക്കുമെന്ന് ആപ്പിലെ വിശദീകരണത്തില്‍ പറയുന്നു.

ഇമെയില്‍ വിലാസവും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് ആപ്പിലെ പ്രീ-രജിസ്‌ട്രേഷന്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇമെയില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരേ വിമാനത്തില്‍ വരുന്ന കുടുംബാംഗങ്ങള്‍ക്കും ഇതിലൂടെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍, ഓരോരുത്തരുടെയും രേഖകള്‍ പ്രകാരം പ്രത്യേകമായി ആയിരിക്കും ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

പൗരന്മാരും ഖത്തര്‍ റെസിഡന്റ് വിസയുള്ളവരും ഖത്തര്‍ ഐഡി നമ്പര്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജസിസി പൗരന്മാര്‍ പാസ്‌പോര്‍ട്ട് നമ്പറും നാഷനാലിറ്റിയും സന്ദര്‍ശകര്‍ വിസാ നമ്പറും നല്‍കണം.

സമര്‍പ്പിക്കേണ്ട രേഖകള്‍
1. പാസ്‌പോര്‍ട്ട് കോപ്പി (ഗള്‍ഫ് പൗരന്മാര്‍)
2. 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം
3. പുറപ്പെടുന്ന രാജ്യത്ത് നിന്നെടുത്ത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
4. ഡിസ്‌കവര്‍ ഖത്തര്‍ വഴിയുള്ള ഹോട്ടല്‍ ബുക്കിങ്(ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമായവര്‍ക്ക്)
5. ഒമ്പത് മാസത്തിനുള്ളില്‍ കോവിഡ് രോഗം വന്ന് ഭേദമായതിനുള്ള സര്‍ട്ടിഫിക്കറ്റ്‌
ALSO WATCH

Most Popular