Monday, July 26, 2021
Home Gulf Qatar ഖത്തര്‍ പുതിയ തൊഴില്‍ വിസകള്‍ അനുവദിച്ചു തുടങ്ങി; ആദ്യ സംഘം ഞായറാഴ്ച്ച എത്തി

ഖത്തര്‍ പുതിയ തൊഴില്‍ വിസകള്‍ അനുവദിച്ചു തുടങ്ങി; ആദ്യ സംഘം ഞായറാഴ്ച്ച എത്തി

ദോഹ: ആറ് മാസത്തെ ഇടവേളയ്ക്കു ശേഷം ഖത്തര്‍ പുതിയ തൊഴില്‍ വിസകള്‍ അനുവദിച്ചു തുടങ്ങി. തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ അനുവദിക്കുന്നത്. കെനിയയില്‍ നിന്ന് റിക്രൂട്ട് ചെയ്ത 30 അംഗ സംഘം ഞായറാഴ്ച്ച ഖത്തറിലെത്തി. മാര്‍ച്ചില്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചതിന് ശേഷം എത്തുന്ന പുതിയ തൊഴിലാളികളുടെ ആദ്യ സംഘമാണിത്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങള്‍ക്കാണ് തുടക്കത്തില്‍ വിസ അനുവദിക്കുന്നതെന്നാണു വിവരം.

ഇന്‍ഡോ അറബ് റിക്രൂട്ട്‌മെന്റ് കമ്പനി വഴിയാണ് ഇവര്‍ക്ക് വിസ ലഭിച്ചതെന്ന് ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. സപ്തംബറിലാണ് തങ്ങള്‍ക്ക് വിസ അനുവദിച്ചതെന്നും കോവിഡ് മാനദണ്ഡപ്രകാരമാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നും മാനേജിങ് ഡയറക്ടര്‍ സുബൈര്‍ കോമത്ത് കണ്ടി പറഞ്ഞു. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം പുതിയ തൊഴിലാളികള്‍ ജോലിക്കു കയറും.

രാജ്യത്തെ തൊഴില്‍ മേഖല പതുക്കെ ഉണര്‍ന്നു തുടങ്ങിയതോടെ കൂടുതല്‍ പുതിയ തൊഴിലാളികള്‍ വരും ദിവസങ്ങളില്‍ ഖത്തറിലെത്തും. വരുന്ന ആറ് മാസത്തിനകം പുതുതായി 1000 പേരെക്കൂടി റിക്രൂട്ട് ചെയ്യുമെന്ന് ഖത്തര്‍ സെക്യൂരിറ്റി ആന്റ് ഗാര്‍ഡിയന്‍ സര്‍വീസസ് മാനേജര്‍ ആന്റോ റോച്ച പറഞ്ഞു. ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

വ്യത്യസ്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 300 വിസകള്‍ അനുവദിച്ചതായും ഒക്ടോബര്‍ മാസത്തില്‍ വിവിധ ബാച്ചുകളായി ഇവര്‍ ഖത്തറിലെത്തുമെന്നും സുബൈര്‍ പറഞ്ഞു.

Foreign workers start to arrive as Qatar eases work visa restrictions

Most Popular