Friday, June 18, 2021
Home Gulf Qatar കുടുങ്ങിക്കിടക്കുന്ന കമ്പനി തൊഴിലാളികളെ ഇന്ത്യയിലെത്തിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് ചാര്‍ട്ടര്‍ വിമാനങ്ങള്‍; ആദ്യ വിമാനം വെള്ളിയാഴ്ച്ച കൊച്ചിയിലേക്ക്

കുടുങ്ങിക്കിടക്കുന്ന കമ്പനി തൊഴിലാളികളെ ഇന്ത്യയിലെത്തിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് ചാര്‍ട്ടര്‍ വിമാനങ്ങള്‍; ആദ്യ വിമാനം വെള്ളിയാഴ്ച്ച കൊച്ചിയിലേക്ക്

ദോഹ: ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന താല്‍ക്കാലിക തൊഴിലാളികളെ ഇന്ത്യയിലെത്തിക്കുന്നതിനായി ഖത്തര്‍ എയര്‍വെയ്സ് ചാര്‍ട്ടര്‍ വിമാനങ്ങള്‍. ആദ്യ വിമാനം വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.30ന് കൊച്ചിയിലേക്കു പുറപ്പെടും. കൊച്ചിക്കു പുറമേ അഹമ്മദാബാദ്, മധുര, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. ഓരോ വിമാനത്തിലും 177 യാത്രക്കാര്‍ വീതമുണ്ടാകും.

ഖത്തറില പ്രമുഖ എണ്ണ, വാതക കമ്പനിയായ ഖത്തര്‍ എന്‍ജിനീയറിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി(ക്യുകോണ്‍) ആണ് താല്‍ക്കാലിക തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കിയത്. 3,000 മുതല്‍ 4,000 വരെ താല്‍ക്കാലിക തൊഴിലാളികളാണ് സ്വദേശങ്ങളിലേക്ക് മടങ്ങേണ്ടവരുടെ പട്ടികയിലുള്ളത്. ഈ കമ്പനികളിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ രണ്ട് മാസമായി ജോലിയില്ലാതെ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.

കോവിഡ് മഹാമാരിക്കിടയില്‍ ഇതാദ്യമായാണ് സ്വകാര്യമേഖലയിലെ ഒരു സ്ഥാപനം തങ്ങളുടെ തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകാന്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതെന്ന് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഷട്ട്ഡൗണ്‍ ജോലികള്‍ക്കായി കൊണ്ടുവന്ന ഇന്ത്യന്‍ തൊഴിലാളികളെ തിരിച്ചയക്കുന്നതിനായി ഇന്ത്യയിലേക്ക് പന്ത്രണ്ടു വിമാനസര്‍വീസുകള്‍ക്കു കൂടി അനുമതി തേടിയിട്ടുണ്ടെന്ന് ക്യുകോണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

4000ഓളം താല്‍ക്കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം തൊഴിലാളികളാണ് ക്യുകോണിലുള്ളത്. തൊഴിലാളികളെ മടക്കിഅയക്കുമ്പോള്‍ കോവിഡ് സംബന്ധിച്ച എല്ലാ മെഡിക്കല്‍ പ്രോട്ടോക്കോളും പാലിക്കും. ഏതാനും മാസത്തേക്ക് വിദേശത്ത് നിന്ന് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത പല കമ്പനികളും അവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ക്രമീകരിച്ചുവരികയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കായി താല്‍ക്കാലികമായി റിക്രൂട്ട് ചെയ്യുന്നതാണ് ഇത്തരം തൊഴിലാളികളെ.

Four Qatar Airways chartered flights to take temporary workers home in India


 

Most Popular