Saturday, July 24, 2021
Home Newsfeed ഖത്തറിലെ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് സൗജന്യ ഇന്ധനവും ഐസും

ഖത്തറിലെ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് സൗജന്യ ഇന്ധനവും ഐസും

ദോഹ: ഖത്തറില്‍ മീന്‍പിടിക്കുന്ന 830 ബോട്ടുകള്‍ക്ക് സൗജന്യ ഇന്ധനവും ഐസും നല്‍കുമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി മന്ത്രാലയം കരാറൊപ്പിട്ടു. ഇതു പ്രകാരം മത്സ്യബന്ധന മേഖലയില്‍ സജീവമായ 350 ബോട്ടുകള്‍ക്ക് പ്രീമിയം പെട്രാളും 480 ബോട്ടുകള്‍ക്ക് ഡീസലും മൂന്നു വര്‍ഷക്കാലയളവിലേക്ക് സൗജന്യമായി നല്‍കും.

മത്സ്യത്തൊഴിലാളികളുടെ ചെലവ് കുറക്കുകയും അവരെ കൂടുതല്‍ സജീവമാക്കുകയാണ് ദശലക്ഷക്കണക്കിന് റിയാലിന്റെ സംരംഭത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഖത്തര്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന പ്രഖ്യാപനം.

മന്ത്രാലയം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വുഖൂദ്, അല്‍ വക്‌റ പോര്‍ട്ട് ഐസ് ഫാക്ടറി, ദോഹ ഇംപോര്‍ട്ട് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് സെന്റര്‍ എന്നീ കമ്പനികളുമായാണ് മന്ത്രാലയം കരാര്‍ ഒപ്പുവെച്ചത്.

ബോട്ടുകളുടെ ഇന്ധന ടാങ്കുകളില്‍ ഇലക്ട്രോണിക് ചിപ്പുകള്‍ ഘടിപ്പിക്കും. 16.8 ദശലക്ഷം റിയാലിന്റെ ഇന്ധനമാണ് വുഖൂദ് നല്‍കുക. മത്സ്യങ്ങളുടെ ഗുണമേന്മ നിലനിര്‍ത്തുന്നതിനും നശിച്ചുപോകുന്നത് തടയുന്നതിനുമായി രണ്ട് തരം ഐസുകളാണ് നല്‍കുക. കരാര്‍ കാലയളവില്‍ 21.2 ദശലക്ഷം റിയാലിന്റെ ഐസ് അല്‍വക്‌റ പോര്‍ട്ട് ഐസ് ഫാക്ടറി മത്സ്യബന്ധന ബോട്ടുകള്‍ക്ക് നല്‍കും.

മത്സ്യബന്ധന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും സാധുവായ ലൈസന്‍സ് ഉണ്ടായിരിക്കണം, മാസത്തില്‍ രണ്ടു തവണയും വര്‍ഷത്തില്‍ 24 തവണയും ചുരുങ്ങിയത് മത്സ്യബന്ധനം നടത്തുന്നവയായിരിക്കണം. വര്‍ഷത്തില്‍ 84 ട്രിപ്പെങ്കിലും ബോട്ടുകള്‍ നടത്തിയിരിക്കണം തുടങ്ങിയവയാണ് മന്ത്രാലയത്തില്‍നിന്നുള്ള സൗജന്യ ആനുകൂല്യങ്ങള്‍ക്കുള്ള യോഗ്യത. ബോട്ടുകളുടെ മുന്‍കാല റിപ്പോര്‍ട്ടുകളും പരിശോധിക്കും.
ALSO WATCH

 

Most Popular