Tuesday, September 28, 2021
Home Newsfeed ഖത്തര്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് സംഘം; തോക്ക് കണ്ടെത്തി

ഖത്തര്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് സംഘം; തോക്ക് കണ്ടെത്തി

കൊയിലാണ്ടി: മൂന്ന് മാസം മുമ്പ് നാട്ടിലെത്തിയ ഖത്തര്‍ പ്രവാസിയെ കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് പോലിസ്. സംഭവ സ്ഥലത്തിന് സമീപത്ത്് നിന്ന് തട്ടിക്കൊണ്ടു പോയ സംഘത്തിന്റേതെന്ന് കരുതുന്ന തോക്ക് പോലിസ് കണ്ടെടുത്തു. മുത്താമ്പി കാവുംവട്ടം റോഡില്‍ നിന്നാണ് തോക്ക് കിട്ടിയത്. മണിക്കൂറുകള്‍ക്കകം തന്നെ സംഘം ഹനീഫയെ വിട്ടയച്ചിരുന്നു.

കൊയിലാണ്ടി പോലിസും ഫോറന്‍സിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

വീടിന് സമീപത്ത് നില്‍ക്കുകയായിരുന്ന ഹനീഫയെ ഞായറാഴ്ച്ച രാത്രി 11.30 ഓടെയാണ് അഞ്ചംഗ സംഘം കാറില്‍ വന്ന് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സഹോദരന്‍ അലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൂന്നുമാസം മുമ്പാണ് ഹനീഫ ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്.

സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലിസ് അന്വേഷണത്തില്‍ ലഭിച്ചിട്ടുള്ള സൂചന. തട്ടിക്കൊണ്ടുപോകപ്പെട്ട ഹനീഫ ഏതെങ്കിലും തരത്തില്‍ സ്വര്‍ണക്കടത്തിനുള്ള കാരിയറായി പ്രവര്‍ത്തിച്ചിരുന്നോ എന്നരീതിയിലും പോലീസ് അന്വേഷണം നടത്തുകയാണ്.

സംഘത്തില്‍ അഞ്ചോളം പേരുണ്ടെന്നാണ് വിവരം. റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ഹരിദാസ്, കൊയിലാണ്ടി സിഐ എന്‍.സുനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ജൂലൈ 13 ന് അരിക്കുളം ഊരള്ളൂരില്‍ മാതോത്ത് മീത്തല്‍ അഷറഫിനെ തോക്ക് ചൂണ്ടി അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ഈ തട്ടികൊണ്ട് പോകല്‍. പിന്നീട് അര്‍ധരാത്രിയോടെ കുന്ദമംഗലത്ത് ഉപേക്ഷിക്കുകയായിരുന്നു. കടത്തിക്കൊണ്ട് വന്ന സ്വര്‍ണ്ണം കൊടുക്കാത്തതാണ് അഷറഫിനെ തട്ടികൊണ്ടു പോകാന്‍ കാരണം. ഈ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ സംഭവം.

Most Popular