Tuesday, August 3, 2021
Home Gulf Qatar ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ വഴിതേടി അമേരിക്കന്‍ പ്രതിനിധി കുവൈത്തിലേക്ക്

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ വഴിതേടി അമേരിക്കന്‍ പ്രതിനിധി കുവൈത്തിലേക്ക്

ദോഹ: ഖത്തര്‍ ഉപരോധം പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കി അമേരിക്ക. ഇതിന്റെ ഭാഗമായുള്ള മധ്യസ്ഥത ചര്‍ച്ചകള്‍ക്കായി അമേരിക്കയുടെ മുതിര്‍ന്ന നയന്തന്ത്ര ഉദ്യോഗസ്ഥന്‍ ഇന്ന് കുവൈത്തിലേക്കു പുറപ്പെടും. അമേരിക്കയുടെ ഇറാനിലേക്കുള്ള പ്രത്യേക പ്രതിനിധി ബ്രയാന്‍ ഹുക്ക് ആണ് ദൗത്യമേറ്റെടുത്തു കുവൈത്ത് തലസ്ഥാനത്തേക്ക് തിരിക്കുന്നത്. ഇന്ന് ഖത്തറിലെത്തിയ അദ്ദേഹം
ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനിയുമായി കൂടിക്കാഴ്ച്ച നടത്തി.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ തര്‍ക്കത്തില്‍ അയവ് വന്നിട്ടുള്ളതായി ബ്രയാന്‍ ഹുക്ക് ഖത്തറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുവൈത്തിനും തങ്ങള്‍ക്കും വിഷയം പരിഹരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ അമേരിക്കയിലുണ്ട്.

ഗള്‍ഫ് പ്രതിസന്ധി അവസാനമില്ലാതെ തുടരുന്നത് മേഖലയിലെ അമേരിക്കയുടെ പങ്കാളിത്ത താല്‍പ്പര്യങ്ങളെയും സ്ഥിരതയെയും ബാധിക്കുന്നതാണെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ബ്രയാന്‍ ഹുക്ക് അഭിപ്രായപ്പെട്ടത്.

തര്‍ക്കം എത്രയും വേഗം അവസാനിപ്പിക്കാന്‍ ഖത്തറിലേയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും അമേരിക്കന്‍ ബിസിനസുകാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അമേരിക്കയില്‍ പൊതു തിരെഞ്ഞെടുപ്പ് അടുത്തെത്തിയതിനാല്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്.

Most Popular