Saturday, July 31, 2021
Home Gulf Qatar ഖത്തറിലേക്ക് പ്രവേശിക്കുന്നതിനായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍

ഖത്തറിലേക്ക് പ്രവേശിക്കുന്നതിനായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അറൈവല്‍ യാത്രക്കാര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. യാത്രക്കാരെ നാല് വിഭാഗങ്ങളായി തിരിച്ചാണ് നടപടിക്രമങ്ങള്‍.

ഗ്രൂപ്പ് 1: ഖത്തരി പൗരന്മാര്‍, അവരുടെ ഭാര്യമാരും കുട്ടികളും, ഖത്തര്‍ ഐഡിയുള്ളവര്‍
ഗ്രൂപ്പ് 2: ചില പ്രത്യേക അസുഖങ്ങള്‍ ഉള്ളവര്‍, 55 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍
ഗ്രൂപ്പ് 3: കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍
ഗ്രൂപ്പ് 4: കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍

ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരെയും എയര്‍പോര്‍ട്ടില്‍ ശരീര താപ പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്കാര്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. മൊബൈലില്‍ ഖത്തര്‍ സിം കാര്‍ഡ് ഉണ്ടായിരിക്കണം. യാത്രക്കാര്‍ക്ക് ഇഹ്തിറാസ് ആപ്പ് സെറ്റപ്പ് ചെയ്യുന്നതിന് സഹായിക്കാന്‍ വൊളന്റിയര്‍മാരുടെ സേവനം ലഭ്യമായിരിക്കും. സ്മാര്‍ട്ട് ഫോണുകളും സിം കാര്‍ഡുകളും എയര്‍പോര്‍ട്ടില്‍ വില കൊടുത്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടാവും.

എല്ലാ യാത്രക്കാരും ആരോഗ്യ നിര്‍ണയ ഫോം പൂരിപ്പിച്ച് നല്‍കുകയും ക്വാരന്റീന്‍ പ്രതിജ്ഞയില്‍ ഒപ്പുവയ്ക്കുകയും വേണം. ഇത് ഖത്തറില്‍ എത്തും മുമ്പ് തന്നെ പൂരിപ്പിക്കുന്നതായിരിക്കും നല്ലത്.

കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നേരെ ഇമിഗ്രേഷന്‍ കൗണ്ടറിലേക്കു പോകാവുന്നതാണ്. അവിടെ ഇമിഗ്രേഷന്‍ ഓഫിസര്‍ക്ക് ഹോട്ടല്‍ ബുക്കിങ് സ്ലിപ്പ് സമര്‍പ്പിക്കണം. അറൈവല്‍ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയായാല്‍ യാത്രക്കാരെ അവരവര്‍ ബുക്ക് ചെയ്ത ക്വാറന്റീന്‍ ഹോട്ടലില്‍ എത്തിക്കും.

മറ്റു യാത്രക്കാര്‍ മുഴുവന്‍ എയര്‍പോര്‍ട്ടിലുള്ള കോവിഡ് ടെസ്റ്റിങ് സെന്ററിലേക്കാണ് പോവേണ്ടത്. അവിടെ സ്വാബ് സ്വീകരിക്കും. ടെസ്റ്റിങ് പൂര്‍ത്തിയായാല്‍ ഇമിഗ്രേഷനിലേക്കു പോയി നടപടികള്‍ പൂര്‍ത്തിയാക്കണം. ഈ യാത്രക്കാര്‍ക്ക് ഹോം ക്വാറന്റീനിലേക്കു പോകുന്നതിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എയര്‍പോര്‍ട്ട് ടാക്‌സി സേവനവും ലഭ്യമാവും.

യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് സമഗ്രമായ കോവിഡ് പ്രതിരോധ സംവിധാനങ്ങളാണ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളതെന്ന് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Hamad International Airport Implements New Arrival Procedures to Enter the State of Qatar

Most Popular