Sunday, July 25, 2021
Home Gulf Qatar പെരുന്നാള്‍ ആഘോഷത്തിനിടയില്‍ കോവിഡ് മുന്‍കരുതല്‍ മറക്കരുതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രി

പെരുന്നാള്‍ ആഘോഷത്തിനിടയില്‍ കോവിഡ് മുന്‍കരുതല്‍ മറക്കരുതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രി

ദോഹ: ഈദുല്‍ അദ്ഹ ആഘോഷവേളയില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ പൊതുജനങ്ങള്‍ മറക്കരുതെന്ന് ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ അല്‍ കുവാരി. ഈദ് ആഘോഷവുമായി ബന്ധപ്പെട്ട ഒത്തുകൂടലുകളിലൂടെ ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതു തടയാനും സമൂഹത്തെ രോഗവ്യാപനത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുമായി ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന സുരക്ഷാ നടപടികള്‍ പാലിക്കണമെന്ന് സോഷ്യല്‍ മീഡിയ വഴി മന്ത്രി വ്യക്തമാക്കി

മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കുക വഴി വീണ്ടും രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ഒഴിവാക്കാമെന്നും പ്രായമായവരെയും വിട്ടുമാറാത്ത അസുഖമുള്ളവരെയും കൃത്യമായി ശ്രദ്ധിക്കണമെന്നും അവര്‍ വ്യക്തമാക്കി. ഒത്തുകൂടാവുന്ന ആളുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ശ്രദ്ധിക്കരണം. പുറത്തിറങ്ങുന്ന ജനങ്ങള്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും വെളിപ്പെടുത്തി.

ഈദുല്‍ ഫിത്വര്‍ വേളയില്‍ സാമൂഹിക അകലം പാലിക്കാതെ കുടുംബ സന്ദര്‍ശനവും മറ്റും നടത്തിയത് സ്വദേശികള്‍ക്കിടയില്‍ കോവിഡ് വലിയ തോതില്‍ വ്യാപിക്കാന്‍ ഇടയാക്കിയത് നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു.

Most Popular