Sunday, July 25, 2021
Home Gulf Qatar ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തറിലേക്ക് മടങ്ങാം; പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തും

ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തറിലേക്ക് മടങ്ങാം; പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തും

ദോഹ: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാട്ടില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഖത്തറിലേക്കു മടങ്ങാന്‍ അനുമതി.

ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് ഖത്തറിലേക്ക് മടങ്ങാനാവാതെ ഇന്ത്യയില്‍ കഴിയുന്നത്. അവധിക്കും മറ്റും നാട്ടിലെത്തിയ ഇവര്‍ കൊവിഡ് ലോക്ക്ഡൗണില്‍ കുടുങ്ങുകയായിരുന്നു. ഇതില്‍ നല്ലൊരു വിഭാഗം മലയാളികളുമാണ്.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, സിദ്ര മെഡിസിന്‍, ഖത്തര്‍ റെഡ്ക്രസന്റ്, ഖത്തര്‍ പെട്രോളിയം, അല്‍ അഹ്ലി ഹോസ്പിറ്റല്‍, തുടങ്ങി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണിവര്‍.

നാട്ടിലെ ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരോട് ആരാഞ്ഞിട്ടുണ്ട്. മടങ്ങിവരുന്നതിന് ആഭ്യന്തര മന്ത്രാലയം അനുമതിയും ലഭിച്ചുകഴിഞ്ഞു. മടങ്ങിവരുന്നവര്‍ക്കു വേണ്ടി ഇന്‍ഡിഗോ പ്രത്യേക വിമാന സര്‍വീസ് നടത്തുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കൃത്യമായി തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ നാട്ടിലെത്തി മാര്‍ച്ച് മാസത്തില്‍ ഖത്തറിലേക്കു മടങ്ങേണ്ടിയിരുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും.

Most Popular