Saturday, May 15, 2021
Home Gulf Qatar കോവിഡ് രോഗികള്‍ക്കായി കേന്ദ്രീകൃത ഹോം ഐസൊലേഷന്‍ സൗകര്യമൊരുക്കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

കോവിഡ് രോഗികള്‍ക്കായി കേന്ദ്രീകൃത ഹോം ഐസൊലേഷന്‍ സൗകര്യമൊരുക്കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ദോഹ: ഖത്തറില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് കേന്ദ്രീകൃത ഹോം ഐസോലേഷന്‍ സേവനമൊരുക്കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. പകര്‍ച്ചവ്യാധി കേന്ദ്ര(സിഡിസി)മാണ് ഈ സര്‍വീസിന് മേല്‍നോട്ടം വഹിക്കുന്നത്. ഹോം ഐസൊലേഷന്‍ ആവശ്യമുള്ളവരും എന്നാല്‍, വീട്ടില്‍ അതിന് സൗകര്യമില്ലാത്തവരുമായ രോഗികളെയാണ് ഇവിടേക്ക് പരിഗണിക്കുന്നത്.

കോവിഡ് ബാധിച്ചവരെ ഐസോലേറ്റ് ചെയ്യുകയെന്നതാണ് വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നടപടിയെന്ന് സിഡിസി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി വിശദീകരിച്ചു. അടുത്ത കാലത്ത് കോവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍, ഐസോലേഷന്‍ ചെയ്യേണ്ട ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രീകൃത സംവിധാനം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍, വീട്ടില്‍ ഒരു പ്രത്യേക മുറിയും അറ്റാച്ച്ഡ് കുളിമുറിയും ഉള്ളവര്‍ വീട്ടില്‍ ഐസോലേഷനില്‍ കഴിഞ്ഞാല്‍ മതി.

കോവിഡ് ആശുപത്രികള്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, സിദ്ര മെഡിസിന്‍, പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍, ഐസൊഷന്‍ സര്‍വീസ് കമാന്‍ഡ് സെന്റര്‍ എന്നിവയുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് രോഗികളെയാണ് കേന്ദ്രീകൃത ഹോം ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുന്നത്.

രോഗികള്‍ക്കായുള്ള പുതിയ കേന്ദ്രീകൃത ഹോം ഐസൊലേഷനിലുള്ളവരെ മെഡിക്കല്‍ സംഘം ടെലിഫോണില്‍ ബന്ധപ്പെടുകയും ആവശ്യമാണെങ്കില്‍ അവര്‍ക്ക് വൈദ്യസഹായം നല്‍കുകയും ചെയ്യും. കൂടാതെ, രോഗികള്‍ക്ക് 24 മണിക്കൂറും ഡോക്ടറുമായി സംസാരിക്കാന്‍ സിഡിസി ഹോം ഐസോലേഷന്‍ ഹോട്ട്ലൈനില്‍ (4025 1666) വിളിക്കാമെന്നും ഡോ. അല്‍ മസ്ലമാനി വിശദീകരിച്ചു.

 

Most Popular