Sunday, September 19, 2021
Home Newsfeed ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ദേശം

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ദേശം

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന് നിര്‍ദേശം. പൂര്‍ണമായും വാക്‌സിനെടുത്ത് ഇഹ്തിറാസ് വെബ്‌സൈറ്റില്‍ പ്രീരജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കാണ് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന നിര്‍ദേശമടങ്ങിയ ഇമെയില്‍ ലഭിച്ചിരിക്കുന്നത്. ഇന്നലെയും ഇന്നുമായി ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മലയാളികള്‍ക്ക് ഈ നിര്‍ദേശം ലഭിച്ചതോടെ യാത്രക്കാര്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്.

ഇമെയില്‍ സന്ദേശത്തില്‍ ഖത്തറിലേക്കുള്ള യാത്ര അപ്രൂവ് ചെയ്തതായി പറയുന്നുണ്ട്. എന്നാല്‍, അതില്‍ താഴെ ഭാഗത്ത് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന നിര്‍ദേശവും കാണുന്നുണ്ട്. ഇത് സംബന്ധമായ വിശദീകരണത്തിന് ഇഹ്തിറാസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ചപ്പോള്‍ ഇമെയില്‍ സന്ദേശത്തില്‍ എന്താണോ പറയുന്നത് അത് പോലെ ചെയ്യാനാണ് നിര്‍ദേശം ലഭിച്ചത്.

hotel booking

ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും പൂര്‍ണമായും വാക്‌സിനെടുത്താല്‍ ഹോട്ടല്‍ ക്വാറന്റീന്‍ വേണ്ടതില്ലെന്നായിരുന്നു ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ യാത്രാ നയത്തില്‍ പറയുന്നത്. ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പൊതുനയം അതാണെങ്കിലും ഇഹ്തിറാസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന നിര്‍ദേശമാണ് പാലിക്കേണ്ടതെന്ന മറുപടിയാണ് അധികൃതരില്‍ നിന്ന് ലഭിച്ചത്.

ഇത്തരത്തില്‍ നിര്‍ദേശം ലഭിച്ചവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യാമെന്നും ഖത്തറില്‍ എത്തിക്കഴിഞ്ഞാല്‍ വിമാനത്താവളത്തില്‍ ഉള്ള ഡിസ്‌കവര്‍ ഖത്തര്‍ ഹെല്‍പ് ഡസ്‌കുമായി ബന്ധപ്പെട്ട് റീഫണ്ടിങിന് ശ്രമിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

അതേ സമയം, ഇത് സംബന്ധമായി ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല. വരുംദിവസങ്ങളില്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും ഡിസ്‌കവര്‍ ഖത്തറിന്റെയും യാത്രയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേഷനുകള്‍ ശ്രദ്ധിക്കുകയും അധികൃതരില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്.

Most Popular