Sunday, September 19, 2021
Home Newsfeed വിസിറ്റ് വിസയില്‍ വരുന്നവര്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാനുള്ള നിര്‍ദേശം ഇഹ്തിറാസ് പോര്‍ട്ടലിലെ സാങ്കേതിക തകരാറെന്ന് സൂചന

വിസിറ്റ് വിസയില്‍ വരുന്നവര്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാനുള്ള നിര്‍ദേശം ഇഹ്തിറാസ് പോര്‍ട്ടലിലെ സാങ്കേതിക തകരാറെന്ന് സൂചന

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരാന്‍ ശ്രമിച്ചവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാന്‍ നിര്‍ദേശം ലഭിച്ചത് സാങ്കേതിക തകരാര്‍ മൂലമെന്ന് റിപോര്‍ട്ട്. ദോഹ ഗൈഡ്‌സ് എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരുന്നതിന് വ്യാഴാഴ്ച്ച രാത്രിയും വെള്ളിയാഴ്ച്ചയും ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാനുള്ള ഇമെയില്‍ സന്ദേശം ലഭിച്ചത്.

ഔദ്യോഗിക പ്രഖ്യാപനത്തിന് വിരുദ്ധമായി ഇങ്ങിനെയൊരു നിര്‍ദേശം വന്നതോടെ യാത്രക്കാര്‍ ആശയക്കുഴപ്പത്തിലായി. ട്രാവല്‍ ഏജന്‍സികള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളില്‍ നിന്ന് വ്യത്യസ്ത മറുപടികള്‍ ലഭിച്ചതും ആശയക്കുഴപ്പം വര്‍ധിച്ചു. ഇതോടെ ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ വീണ്ടും 10 ദിവസത്തെ ക്വാറന്റീന്‍ ബുക്കിങ് ഏര്‍പ്പെടുത്തുന്നതായി വാര്‍ത്ത പരന്നു.

എന്നാല്‍, ഇന്നലെ രാത്രി വൈകി ബുക്ക് ചെയ്തവര്‍ക്ക് ക്വാറന്റീന്‍ ബുക്കിങ് നിര്‍ദേശം ഇല്ലാതെ തന്നെ യാത്രാ അപ്രൂവല്‍ ലഭിച്ചു. നേരത്തേ ബുക്ക് ചെയ്തവര്‍ റീബുക്കിങ് നടത്തിയപ്പോഴും പഴയ നിര്‍ദേശം അപ്രത്യക്ഷമായിരുന്നു.

അതിനിടെ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നയത്തില്‍ ഖത്തര്‍ മാറ്റം വരുത്തിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ എംബസിയും രംഗത്തെത്തി. എന്നാല്‍, ക്വാറന്റീന്‍ ബുക്ക് ചെയ്യാനുള്ള നിര്‍ദേശം പലര്‍ക്കും ലഭിച്ചതായി എംബസിയുടെ ട്വീറ്റില്‍ തന്നെ നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചു വരുന്നതായി എംബസി അധികൃതര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇഹ്തിറാസ് പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ ആണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

 

Most Popular