Friday, September 24, 2021
Home Ediotrs Pick ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ഷെയര്‍ ചെയ്യാമെന്ന് പറഞ്ഞ് പണം പറ്റിക്കുന്നതായി പരാതി

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ഷെയര്‍ ചെയ്യാമെന്ന് പറഞ്ഞ് പണം പറ്റിക്കുന്നതായി പരാതി

ദോഹ: ഖത്തറിലേക്ക് ഹോട്ടല്‍ ക്വാറന്റീന് ഷെയറിങ് ഹോട്ടല്‍ മുറി ഒരുക്കാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘം വിലസുന്നു. നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ രീതിയില്‍ പണം നഷ്ടപ്പെട്ടത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ ഇരകളെ കെണിയില്‍ വീഴ്ത്തുന്നത്. കഴിഞ്ഞ ദിവസം പണം നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശിയായ പ്രസീത് ആനന്ദിന്റെ സുഹൃത്ത് ഷബീര്‍ ഗള്‍ഫ് മലയാളിയുമായി അനുഭവം പങ്കുവച്ചു.

പിതാവിന് സുഖമില്ലാത്തതിനെ തുടര്‍ന്ന് ഖത്തറില്‍ നിന്ന് അടിയന്തരമായി നാട്ടില്‍ പോയ അദ്ദേഹം തിരിച്ചു വരുന്നതിന് വേണ്ടിയാണ് ഹോട്ടല്‍ ക്വാറന്റീന്‍ തേടിയത്. ഖത്തറിലെ ആയിരക്കണക്കിന് അംഗങ്ങളുള്ള ഖത്തര്‍ മലയാളീസ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഇതുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റില്‍ അദ്ദേഹം ഹോട്ടല്‍ മുറി ഷെയര്‍ ചെയ്യാന്‍ താല്‍പര്യമുണ്ട് എന്നറിയിച്ച് കമന്റ് ചെയ്തിരുന്നു.

തുടര്‍ന്ന് മുഹമ്മദ് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ പ്രസീതിനെ വിളിക്കുകയായിരുന്നു. ക്വാറന്റീന്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യമുണ്ടെന്നും 1200 റിയാല്‍ തന്നാല്‍ ബുക്ക് ചെയ്ത് റസീപ്റ്റ് തരാം എന്നും അറിയിച്ചു. അടിയന്തരമായി തിരിച്ചുവരേണ്ട സാഹചര്യം ആയതിനാല്‍ കൂടുതല്‍ ആലോചിക്കാതെ അയാള്‍ നല്‍കിയ അക്കൗണ്ടിലേക്ക് നാട്ടിലെ 25000 രൂപ അയച്ചുകൊടുത്തു. പണം അയച്ച ദിവസം ഫോണ്‍ എടുത്തിരുന്നു എന്നാല്‍, പിന്നീട് ഫോണ്‍ എടുക്കാതായി. ഇതേ ആള്‍ തന്നെ മറ്റു പലരെയും വഞ്ചിച്ചതായാണ് അറിയുന്നത്.

പ്രത്യേകം, ശ്രദ്ധിക്കുക കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യം മുതലെടുത്ത് പല രീതിയിലും തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വിലസുന്നുണ്ട്. ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യുമ്പോള്‍ പരമാവധി ഔദ്യോഗിക സംവിധാനമായ ഡിസ്‌കവര്‍ ഖത്തര്‍ വഴി തന്നെ ബുക്ക് ചെയ്യുക. അത് അല്ലെങ്കില്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികളെ സമീപിക്കുക.

Most Popular