Saturday, April 17, 2021
Home Gulf Qatar ലുസൈലില്‍ ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം തുറന്നു; പ്രവര്‍ത്തനം ഇങ്ങനെ

ലുസൈലില്‍ ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം തുറന്നു; പ്രവര്‍ത്തനം ഇങ്ങനെ

ദോഹ: രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് വേണ്ടി ലുസൈലില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം തുറന്നു. ഡ്രൈവ് ത്രൂ സെന്ററില്‍ മുന്‍കൂട്ടി അപ്പോയിന്‍മെന്റ് ആവശ്യമില്ല. എന്നാല്‍, രണ്ടാം ഡോസ് വാക്‌സിന്‍ മാത്രമേ ഇവിടെ ലഭിക്കൂ. ആദ്യ ഡോസ് എടുത്ത് 21 ദിവസം കഴിഞ്ഞവര്‍ക്ക് നേരിട്ട് ഈ സെന്ററിലേക്കു വരാവുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആദ്യ അപ്പോയിന്‍മെന്റിന്റെ സമയത്ത് രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള തിയ്യതി വാക്‌സിനേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. കൃത്യമായി ഈ തിയ്യതിയിലാണ് ഡ്രൈവ് ത്രൂ സെന്ററില്‍ എത്തേണ്ടത്. രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തി സമയം. രാത്രി 9ന് ഉള്ളില്‍ എത്തുന്നവര്‍ക്ക് വാക്‌സിന്‍ ലഭിക്കും. ഖത്തര്‍ ഐഡി, ഹെല്‍ത്ത് കാര്‍ഡ്, ഇഹ്തിറാസില്‍ ഗ്രീന്‍ സ്റ്റാറ്റസ് എന്നിവ ഉണ്ടായിരിക്കണം. മാസ്‌ക്ക് നിര്‍ബന്ധമാണ്.

ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് വാക്‌സിനേഷന് പരിഗണിക്കുക. തിരക്കുള്ള സമയത്താണെങ്കില്‍ മറ്റുള്ളവരുടെ ഊഴം കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരും. ഒരേ ദിവസം ആദ്യ ഡോസ് എടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരേ വാഹനത്തില്‍ വരാവുന്നതാണ്. എന്നാല്‍, വാഹനത്തില്‍ നാലുപേരില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഡ്രൈവ് ത്രൂ സെന്ററിലെ നടപടിക്രമങ്ങള്‍
1. എത്തിയ ഉടനെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വാഹനത്തിലുള്ള മുഴുവന്‍ പേരുടെയും ഇഹ്തിറാസ് സ്റ്റാറ്റസ് പരിശോധിക്കും. തുടര്‍ന്ന് പ്രാഥമിക കാത്തിരിപ്പ് ക്യൂവിലേക്ക് വാഹനം അയക്കും.

2. ഓരോ കാത്തിരിപ്പ് വരിയിലും മുന്‍നിരയിലുള്ള വാഹനത്തെ 10 കോവിഡ് വാക്‌സിനേഷന്‍ വരികളില്‍ ഒന്നിലേക്ക് അയക്കും

3. ഇവിടെ ആദ്യ സ്റ്റോപ്പ് അസസ്‌മെന്റിന് വേണ്ടിയുള്ളതാണ്. ഡ്രൈവ് ത്രൂ സെന്റര്‍ ടീമിലുള്ള ഒരാള്‍ വാഹനത്തിലുള്ള ഓരോരുത്തരുടെയും ഖത്തര്‍ ഐഡി, ഹെല്‍ത്ത് കാര്‍ഡ്, വാക്‌സിനേഷന്‍ കാര്‍ഡ് എന്നിവ പരിശോധിക്കുകയും അസസ്‌മെന്റ് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. ഈ സമയത്തൊന്നും ആരും വാഹനത്തില്‍ നിന്നിറങ്ങാന്‍ പാടില്ല

4. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ വാക്‌സിനേഷന്‍, ഐഡി കാര്‍ഡുകള്‍ തിരിച്ചു നല്‍കും. തുടര്‍ന്ന് വാക്‌സിനേഷന്‍ പോഡിലേക്ക്.

5. വാക്‌സിനേഷന്‍ പോഡില്‍ വാഹനത്തിലെ ഓരോ അംഗത്തിന്റെയും വാക്‌സിനേഷന്‍ കാര്‍ഡ് വാങ്ങുകയും വാക്‌സിന്‍ നല്‍കുകയും ചെയ്യും. വാഹനത്തിന്റെ വിന്‍ഡോ വഴിയാണ് വാക്‌സിന്‍ നല്‍കുക

6. വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ വാഹനം ഒബ്‌സര്‍വേഷന്‍ പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റണം. പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലും ഉണ്ടാവുന്നുണ്ടോ എന്നറിയാന്‍ ഇവിടെ കുറച്ച് സമയം വാഹനത്തില്‍ കാത്തിരിക്കണം. എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ ഇടപെടുന്നതിന് പാരാമെഡിക് ടീം ഉണ്ടാവും.

7. ഒബ്‌സര്‍വേഷന്‍ സമയം കഴിഞ്ഞാല്‍ വാക്‌സിനേഷന്‍ രേഖപ്പെടുത്തിയ കാര്‍ഡ് തിരിച്ചു നല്‍കും. തുടര്‍ന്ന് ഡ്രൈവ് ത്രൂ സെന്ററില്‍ നിന്ന് പോകാവുന്നതാണ്.

Most Popular