Wednesday, June 23, 2021
Home Gulf Qatar ഗാര്‍ഹിക തൊഴിലാളികളെ അടിമകളാക്കി പീഢനം; ഖത്തറില്‍ രണ്ട് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവ്

ഗാര്‍ഹിക തൊഴിലാളികളെ അടിമകളാക്കി പീഢനം; ഖത്തറില്‍ രണ്ട് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവ്

ദോഹ: ഗാര്‍ഹിക തൊഴിലാളികളെ ശമ്പളമോ കൃത്യമായി ഭക്ഷണോ നല്‍കാതെ അടികളെപ്പോലെ പണിയെടുപ്പിച്ച കേസില്‍ രണ്ട് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവും പിഴയും. മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റിലായ പാകിസ്താന്‍കാരായ രണ്ട് പേര്‍ക്കെതിരായാണ് ഖത്തര്‍ സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ ഒന്നാം ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളെയും പത്തുവര്‍ഷത്തേക്ക് തടവിലാക്കാനും ഓരോരുത്തര്‍ക്കും 200,000 റിയാല്‍ പിഴ ചുമത്താനും നാടുകടത്താനും ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ചു.

മനുഷ്യക്കടത്ത് നിയമപ്രകാരമാണ് ശിക്ഷ. രണ്ട് ഗാര്‍ഹികതൊഴിലാളികളാണ് കേസില്‍ ഇരകളായത്. ഇരകളെ സേവനത്തിനായി ബലമായി ചൂഷണം ചെയ്യുക, അടിമകളാക്കി മാറ്റുക, ഇരയെ തടഞ്ഞുവയ്ക്കുകയും അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും ചെയ്യുക, ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുക, ശാരീരികമായി പീഢിപ്പിക്കുക എന്നിവ കുറ്റവാളികള്‍ ചെയ്തതായി കോടതി വ്യക്തമാക്കി.

മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതിക്ക് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്ന്, പോലിസ്, പബ്ലിക് പ്രോസിക്യൂഷന്‍, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതി എന്നിവ സംയുക്തമായി അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇരകളെ മോചിപ്പിച്ച് വൈദ്യശുശ്രൂഷ ലഭ്യമാക്കിയ ശേഷം പുനരധിവാസ കേന്ദ്രത്തില്‍ (അമാന്‍) പാര്‍പ്പിക്കുകയായിരുന്നു. ഫോറന്‍സിക് റിപോര്‍ട്ട്, സാക്ഷി മൊഴികള്‍, സാഹചര്യ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Most Popular