
മിയാ പാര്‍ക്കില്‍ രണ്ട് ദിനം ഐസിസി ഒരുക്കുന്ന ഇന്ത്യന്‍ സാംസ്കാരിക മേള
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ജനുവരി 16, 17 തിയ്യതികളില്‍ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ എംബസിയുടെയും ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തിന്റെയും സഹകരണത്തോടെയാണ് പാസേജ് ടു ഇന്ത്യ എന്ന പേരില്‍ ഇന്ത്യന്‍ സാംസ്കാരിക മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യ ഖത്തര്‍ സാംസ്കാരിക വര്‍ഷത്തിന്റെ സമാപനമായാണ് മേള സംഘടിപ്പിക്കുന്നത്. സമ്പുഷ്ടമായ ഇന്ത്യന്‍ സാംസ്കാരിക വൈവിധ്യത്തിന്റെയും ആധുനിക ഇന്ത്യയുടെ നേട്ടങ്ങളുടെയും ദൃശ്യവല്ക്കരണമായിരിക്കും പാസേജ് ടു ഇന്ത്യ. ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും മേള സഹായകമാവും.
10,000ഓളം സന്ദര്‍ശകരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമാണ് പാസേജ് ടു ഇന്ത്യയില്‍ ഒരുക്കുന്നത്. വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങളും കരകൗശലവസ്തുക്കളും മറ്റും പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്റ്റാളുകള്‍, വിവിധ സംസ്ഥാനങ്ങളിലെ വിഭവങ്ങള്‍ ലഭ്യമാവുന്ന ഭക്ഷണ വില്‍പ്പന ശാലകള്‍ തുടങ്ങിയവ മേളയില്‍ ഉണ്ടാവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൃത്ത, സംഗീത പരിപാടികളാണ് മറ്റൊരു ആകര്‍ഷണം.
ഡല്‍ഹിയിലെ ചെങ്കോട്ടയുടെ കൂറ്റന്‍ മാതൃക പ്രദര്‍ശന നഗരയില്‍ ഒരുക്കും. ആദ്യ ദിനമായ വ്യാഴാഴ്ച്ച വൈകുന്നരേം 5 മുതല്‍ 11 വരെയും വെള്ളിയാഴ്ച്ച് ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 11 വരെയുമാണ് മേള നടക്കുക. വ്യാഴാഴ്ച്ച വൈകീട്ട് 6 മണിക്ക് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന് പാസേജ് ടു ഇന്ത്യയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വെള്ളിയാഴ്ച്ച വൈകീട്ട് 7ന് സമാപന ചടങ്ങുകള്‍ നടക്കും.
പാസേജ് ടു ഇന്ത്യയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.