ദമ്മാം: കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ പുരസ്കാരത്തിന് തെരെഞ്ഞെടുത്ത ഇറാം ഗ്രൂപ് സി എം ഡി സിദ്ദീഖ് അഹ്മദിനെ ഐ സി എഫ് സൗദി നാഷണല്‍ കമ്മിറ്റി ആദരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യവസായങ്ങള്‍ സ്ഥാപിച്ച് തൊഴില്‍ നിപുണരും അല്ലാത്തവരുമായ നിരവധി പേര്‍ക്ക് തൊഴിലും ജീവിതവും നല്കാന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ട്. സൗദിയിലെ കിഴക്കന്‍ മേഖലകളില്‍ തുടക്കമിട്ട് വിജയിപ്പിച്ചെടുത്ത വ്യവസായ സംരംഭങ്ങള്‍ ഒട്ടേറെ മലയാളി സംരംഭകര്‍ക്ക് മാതൃകയാവുകയും ചെയ്തിട്ടുണ്ട്.
ബിസിനസിനൊപ്പം ജീവകാരുണ്യ സേവനരംഗത്ത് വളരെ സജീവസാന്നിധ്യവുമായ സിദ്ദീഖ് അഹ്മദ്, ഐ സി എഫിന്റെ പലപ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. തന്റെ നിശ്ചയദാര്‍ഢ്യത്തിനും അര്‍പ്പണബോധത്തിനും സിദ്ദീഖ് അഹ്മദിന് രാജ്യം നല്കിയ അംഗീകാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരമെന്നും സിദ്ധീഖ് അഹ്മദിനൊപ്പം എല്ലാ മലയാളികളും ഇതില്‍ ആഭിമാനിക്കുന്നുണ്ടെന്നുംഐ സി എഫ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഐ സി എഫ് നാഷണല്‍ കമ്മിറ്റിയുടെ ഉപഹാരം സീനിയര്‍ വൈസ് പ്രസിഡണ്ട് നിസാര്‍ കാട്ടില്‍ സിദ്ദീഖ് അഹ്മദിന് സമ്മാനിച്ചു. സംഘടനാ കാര്യ സെക്രട്ടറി ബഷീര്‍ ഉള്ളണം, പബ്ലിക്കേഷന്‍ സെക്രട്ടറി സലീം പാലച്ചിറ, ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡണ്ട് സൈനുദ്ദീന്‍ മുസ്ലിയാര് വാഴവറ്റ, നാസര്‍ ചിറയിന്‍കീഴ് സന്നിഹിതരായിരുന്നു.