Sunday, September 26, 2021
Home Gulf Qatar പാവപ്പെട്ട പ്രവാസികള്‍ക്ക് ടിക്കറ്റ് എടുക്കാന്‍ എംബസി നല്‍കുന്ന തുക പിന്നീട് തിരിച്ചടക്കണമെന്ന് നിബന്ധന

പാവപ്പെട്ട പ്രവാസികള്‍ക്ക് ടിക്കറ്റ് എടുക്കാന്‍ എംബസി നല്‍കുന്ന തുക പിന്നീട് തിരിച്ചടക്കണമെന്ന് നിബന്ധന

ദോഹ: കോവിഡ് വ്യാപനം മൂലം കുടുങ്ങിക്കിടക്കുന്ന, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികള്‍ക്ക് ടിക്കറ്റിനായി എംബസിയില്‍ നിന്ന് ലഭിക്കുന്ന സഹായം പിന്നീട് തിരിച്ചടക്കണമെന്ന് നിബന്ധന. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നാണ് പ്രായസപ്പെടുന്ന പ്രവാസികള്‍ക്ക് പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തില്‍ ടിക്കറ്റിനുള്ള പണം നല്‍കുന്നത്. ഇത് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുമെന്നും അടുത്ത തവണ പാസ്‌പോര്‍ട്ട് പുതുക്കും മുമ്പ് ഇത് തിരിച്ചടക്കണമെന്നുമാണ് നിബന്ധനയില്‍ പറയുന്നത്.

ജോലി നഷ്ടപ്പെട്ട് മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റിന് വേണ്ടി എംബസിയെ സമീപിച്ച ഖത്തറിലെ മലയാളിക്കാണ് ഇത് സംബന്ധമായ ഇമെയില്‍ ലഭിച്ചത്. ഐസിഡബ്ല്യുഎഫ് ഫണ്ടില്‍ നിന്ന് ടിക്കറ്റ് തുക ലഭിക്കാനാവശ്യമായ മറ്റ് നിബന്ധനകള്‍ക്കൊപ്പം ഏറ്റവും അവസാനമായി ശ്രദ്ധയില്‍പ്പെടാത്ത വിധമാണ് ഇങ്ങിനെയൊരു ക്ലോസ് ചേര്‍ത്തിരിക്കുന്നത്.

ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ടിക്കറ്റിന് വേണ്ടി എംബസിയെ സമീപിക്കുന്നതെങ്കില്‍ തൊഴില്‍ കരാറിന്റെ കോപ്പി, സാലറി സര്‍ട്ടിഫിക്കറ്റ്, പാസോപോര്‍ട്ട് കോപ്പി, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കോപ്പി, ഖത്തര്‍ ഐഡി കോപ്പി, കമ്പനിയില്‍ നിന്ന് പുറത്താക്കിയതാണോ രാജിവച്ചതാണോ, കമ്പനിയില്‍ നിന്ന് വിരമിക്കല്‍ ആനുകൂല്യങ്ങളോ ടിക്കറ്റോ കിട്ടിയിരുന്നോ, ഖത്തറില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അതിന്റെ ക്ലോസര്‍ സ്‌റ്റേറ്റ്‌മെന്റ് തുടങ്ങിയ രേഖകളും ഹാജരാക്കണം.

പ്രവാസികള്‍ വിവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കുന്ന അധിക തുക ഉപയോഗിച്ചാണ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നത്. തുടക്കത്തില്‍ കേന്ദ്രം ബജറ്റില്‍ ഇതിന് തുക നീക്കിവയ്ക്കാറുണ്ടെങ്കിലും അടുത്ത കാലത്തൊന്നും അങ്ങിനെയൊരു തുക മാറ്റിവച്ചതായി റിപോര്‍ട്ടില്ല. ഗള്‍ഫിലെ വിവിധ എംബസികളിലുള്ള വെല്‍ഫെയര്‍ ഫണ്ടില്‍ കോടിക്കണക്കിന് രൂപ കെട്ടിക്കിടക്കുന്നതായാണ് രേഖകള്‍ പറയുന്നത്. ഈ പണത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ടിക്കറ്റ് തുക നല്‍കാന്‍ തുടക്കത്തില്‍ എംബസികള്‍ മടികാണിച്ചിരുന്നു. എന്നാല്‍, പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ഫണ്ടില്‍ നിന്ന് ടിക്കറ്റ് തുക നല്‍കണമെന്ന് ഈയിടെ കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചതോടെയാണ് ഇതില്‍ അയവ് വന്നത്.

ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ പ്രവാസികളില്‍ നിന്ന് പിരിച്ചെടുക്കുന്ന ഫണ്ടില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ടിക്കറ്റിന് നല്‍കുന്ന തുക പിന്നീട് തിരിച്ചടക്കണമെന്ന് പറയുന്നത് അങ്ങേയറ്റത്തെ ജനദ്രോഹമാണെന്നാണ് പ്രവാസികള്‍ അഭിപ്രായപ്പെടുന്നത്. അതേ സമയം, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വെല്‍ഫെയര്‍ ഫണ്ടിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച പേജില്‍ സഹായം ലഭിച്ചത് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്ന് മാത്രമേ പറയുന്നുള്ളു. തിരിച്ചടക്കുന്നത് സംബന്ധിച്ച് പരാമര്‍ശമില്ല.

Most Popular