Thursday, August 5, 2021
Home Newsfeed ഖത്തറിലേക്ക് വരുമ്പോള്‍ ഇഹ്തിറാസ് ആപ്പില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; വിശദാംശങ്ങള്‍

ഖത്തറിലേക്ക് വരുമ്പോള്‍ ഇഹ്തിറാസ് ആപ്പില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; വിശദാംശങ്ങള്‍

ദോഹ: തിങ്കളാഴ്ച്ച മുതല്‍ ഖത്തറിലേക്ക് വരുന്നവര്‍ കോവിഡ് ട്രാക്കിങ് ആപ്പായ ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധം. www.ehteraz.gov.qa എന്ന വെബൈസ്റ്റ് ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇഹ്തിറാസ് ആപ്പ് തുറക്കുമ്പോള്‍ ലഭിക്കുന്ന ഹോം സ്‌ക്രീനില്‍ ഏറ്റവും മുകളിലായി ഈ ലിങ്ക് സജ്ജീകരിച്ചിട്ടുണ്ട്. യാത്രയുടെ ചുരുങ്ങിയത് 12 മണിക്കൂര്‍ മുമ്പ് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ യാത്രയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഖത്തറിലേക്ക് വരുമ്പോഴുള്ള ആരോഗ്യപരമായ നിബന്ധനകള്‍, ക്വാറന്റീന്‍ ആവശ്യമാണോ അല്ലയോ തുടങ്ങിയ കാര്യങ്ങള്‍ മൂന്‍കൂട്ടി മനസ്സിലാക്കാനും രജിസ്ട്രേഷന്‍ വഴി സാധിക്കും.

ഇമെയില്‍ വിലാസവും പാസ്വേര്‍ഡും ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇമെയില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരേ വിമാനത്തില്‍ വരുന്ന കുടുംബാംഗങ്ങള്‍ക്കും ഇതിലൂടെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍, ഓരോരുത്തരുടെയും രേഖകള്‍ പ്രകാരം പ്രത്യേകമായി ആയിരിക്കും ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

പൗരന്മാരും ഖത്തര്‍ റെസിഡന്റ് വിസയുള്ളവരും ഖത്തര്‍ ഐഡി നമ്പര്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സന്ദര്‍ശക വിസയില്‍ വരുന്നവര്‍ ആണെങ്കില്‍ വിസാ നമ്പറും പാസ്‌പോര്‍ട്ട് നമ്പറും നല്‍കണം.

യാത്രയുമായി ബന്ധപ്പെട്ട മറ്റു രേഖകളും രജിസ്‌ട്രേഷന്‍ സമയത്ത് സമര്‍പ്പിക്കണം. 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ആണെങ്കില്‍ പുറപ്പെടുന്ന രാജ്യത്ത് നിന്നെടുത്ത വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ക്വാറന്റീന്‍ ആവശ്യമുള്ളവര്‍ ആണെങ്കില്‍ ഡിസ്‌കവര്‍ ഖത്തര്‍ വഴിയുള്ള ഹോട്ടല്‍ ബുക്കിങ് രേഖ, ഖത്തറില്‍ നിന്ന് കോവിഡ് രോഗം വന്ന് ഭേദമായവര്‍ ആണെങ്കില്‍ 12 മാസത്തിനുള്ളില്‍ കോവിഡ് വന്ന് സുഖപ്പെട്ടതിന്റെ രേഖ എന്നിവയാണ് ഇതില്‍ സമര്‍പ്പിക്കേണ്ടത്. jpeg അല്ലെങ്കില്‍ pdf ഫോര്‍മാറ്റില്‍ ഉള്ള രേഖകള്‍ സമര്‍പ്പിക്കാം. ഫയല്‍ സൈസ് 2 MB യില്‍ കൂടുതല്‍ ആവാന്‍ പാടില്ല.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ട്രാവല്‍ ഓതറൈസേഷന്‍ ലഭിക്കും. ഈ രേഖ ബോര്‍ഡിങ് സമയത്ത് കാണിച്ചാല്‍ മാത്രമേ ഖത്തറിലേക്ക് യാത്ര ചെയ്യാനാവൂ.

Most Popular