Friday, September 17, 2021
Home Ediotrs Pick ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫസ്റ്റ് ഡോസ് തിയ്യതിയില്ല; ഖത്തറില്‍ ഇത് നിര്‍ബന്ധം: ഈ പ്രശ്‌നത്തിന് പരിഹാരമുണ്ട്

ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫസ്റ്റ് ഡോസ് തിയ്യതിയില്ല; ഖത്തറില്‍ ഇത് നിര്‍ബന്ധം: ഈ പ്രശ്‌നത്തിന് പരിഹാരമുണ്ട്

ദോഹ: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് ഖത്തറിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഇളവ് നല്‍കുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാവേണ്ട വിശദാംശങ്ങള്‍ നിരവധി പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റില്‍ വാക്സിനെടുത്തയാളുടെ പേര്, ഓരോ ഡോസും എടുത്ത തിയ്യതി, ഏത് തരം വാക്സിന്‍, വാക്സിന്‍ ലോട്ട് നമ്പര്‍, വാക്സിനേഷന്‍ അധികൃതരുടെ ഔദ്യോഗിക ലോഗോയോ സീലോ എന്നിവ ഉണ്ടായിരിക്കണമെന്നാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ നിന്ന് രണ്ടാം ഡോസ് എടുത്ത ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ ആദ്യ ഡോസ് എടുത്ത തിയ്യതി ഉണ്ടാവില്ലെന്നത് ഒരു പ്രശ്‌നമായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാല്‍, ഇതിനൊരു പരിഹാരമുണ്ടെന്ന് അനുഭവസ്ഥരായ ആളുകള്‍ നിര്‍ദേശിക്കുന്നു. ഫസ്റ്റ് ഡോസ് എടുത്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി ആദ്യ ഡോസ് എടുക്കുമ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് കൈയില്‍ കരുതുക എന്നതാണ് ഈ പ്രശ്‌നം ഒഴിവാക്കാനുള്ള വഴി. രണ്ടാം ഡോസ് എടുത്തു കഴിഞ്ഞാല്‍ ആദ്യ ഡോസ് സര്‍ട്ടിഫിക്കറ്റ് കോവിന്‍ വെബ്‌സൈറ്റ്ല്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നതിനാല്‍ പിന്നീട് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റിയെന്നു വരില്ല.

ഇന്ത്യയില്‍ വാക്‌സിന്‍ സര്‍ട്ടഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങിനെ

1. ആരോഗ്യസേതു ആപ്പ് ഉപയോഗിച്ച്
-മൊബൈലില്‍ ആരോഗ്യ സേതു ആപ്പ് അപ്‌ഡേറ്റ് ചെയ്യുക
-ആപ്പ് തുറന്ന് കോവിന്‍ ടാബ് ക്ലിക്ക് ചെയ്യുക
-വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക
-ബെനഫിഷ്യറി റഫറന്‍സ് ഐഡി നല്‍കുക(വാക്്‌സിന് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഐഡി)

2. ഫസ്റ്റ് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍
ഫസ്റ്റ് ഡോസ് എടുത്ത ഉടനെ തന്നെ പ്രൊവിഷനല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും. രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് എസ്എംഎസ് ആയി വരുന്ന ലിങ്ക് ഉപയോഗിച്ചാണ് ഇത് ഡൗണ്‍ലോഡ് ചെയ്യുക.

– എസ്എംഎസ് ആയി ലഭിച്ച ലിങ്ക് ക്ലിക്ക് ചെയ്യുക
-വെരിഫിക്കേഷന്‍ ഫോണ്‍ നമ്പര്‍ നല്‍കുക
-ഡൗണ്‍ലോഡ് ബട്ടന്‍ ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കുക, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്കു മാത്രമല്ല പല കാര്യങ്ങള്‍ക്കും ഇനി മുതല്‍ ആവശ്യമായി വരും. അതുകൊണ്ട് തന്നെ ആദ്യ ഡോസ് എടുക്കുമ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക. രണ്ടാം ഡോസ് എടുത്ത ശേഷവും മൊബൈലില്‍ സമാനമായ ലിങ്ക് ലഭിക്കും. അത് വഴിയും പൂര്‍ണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ALSO WATCH

Most Popular