Friday, June 25, 2021
Home News National കോവിഡിനെതിരേ ഇന്ത്യ പൊരുതുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയ പിന്തുണ ഹൃദയം തൊടുന്നത്: ദീപക് മിത്തല്‍

കോവിഡിനെതിരേ ഇന്ത്യ പൊരുതുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയ പിന്തുണ ഹൃദയം തൊടുന്നത്: ദീപക് മിത്തല്‍

ദോഹ: കോവിഡിനെതിരേ പൊരുതുന്ന ഇന്ത്യക്ക് വിദേശ രാജ്യങ്ങള്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണ അല്‍ഭുതാവഹമാണെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍. ഓക്‌സിജന്‍ സിലിണ്ടറുകളം കോണ്‍സണ്‍ട്രേറ്ററുകളും മരുന്നുകളും ഉള്‍പ്പെടെ വലിയ സഹായമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത്.

ഖത്തര്‍ മുന്‍നിരയില്‍
കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ ഖത്തര്‍ മുന്നിട്ടു നില്‍ക്കുന്നു. ഐസിബിഎഫിന്റെ നേതൃത്വത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹവും വലിയ പിന്തുണയാണ് നല്‍കുന്നത്. 432 ഓക്‌സിജന്‍ സിലിണ്ടറുകളും 43 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളുമാണ് ഐസിബിഎഫിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലേക്ക് അയച്ചത്. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് താര്‍കഷ് എന്നീ നേവി കപ്പലുകളിലാണ് സഹായങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇതില്‍ ആദ്യ കപ്പല്‍ മെയ് 12നും രണ്ടാമത്തെ കപ്പല്‍ മെയ് 14നും ഇന്ത്യയിലെത്തും.


ഖത്തര്‍ അധികൃതരും ഇന്ത്യക്ക അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്ത്യന്‍ പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ച് സഹായവാഗ്ദാനം നല്‍കി. ഖത്തറിന്റെയും ഇന്ത്യയുടെയും വിദേശകാര്യ മന്ത്രിമാരും ഊര്‍ജ മന്ത്രിമാരും വ്യാപാര വാണിജ്യ മന്ത്രിമാരും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയതായി അംബാസഡര്‍ പറഞ്ഞു.

ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ സമയത്ത് വിതരണശൃംഖല തടസ്സപ്പെടാതിരിക്കാന്‍ ഇന്ത്യ പിന്തുണ നല്‍കിയ കാര്യം അംബാസഡര്‍ ഓര്‍മിപ്പിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്കു നല്‍കിയ സഹായമാണ് ഇപ്പോള്‍ തിരിച്ചുലഭിക്കുന്നത്.

40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജനുമായി രണ്ട് ക്രയോജനിക് ടാങ്കറുകള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഫ്രാന്‍സ് നല്‍കിയ ക്രയോജനിക് ടാങ്കറുകളില്‍ ഖത്തറിലെ ഗ്യാസല്‍ കമ്പനിയാണ് ഓക്സിജന്‍ നിറച്ചത്. ഇതില്‍ ആദ്യ കപ്പല്‍ ഇന്ന് മുംബൈയിലെത്തി. അടുത്ത 6 മുതല്‍ 8 ആഴ്ച്ചയ്ക്കുള്ളില്‍ 1200 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ വിവിധ ഷിപ്പ്മെന്റുകളിലായി ഇന്ത്യയിലെത്തുമെന്നും അംബാസഡര്‍ വ്യക്തമാക്കി.

ഖത്തര്‍ എയര്‍വെയ്‌സ് പിന്തുണ
ഇന്ത്യയിലേക്ക് സൗജന്യമായി വൈദ്യസഹായം എത്തിക്കുന്ന ഖത്തര്‍ എയര്‍വെയ്‌സ് പദ്ധതിയും പുരോഗമിക്കുകയാണ്. 300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമാണ് ഖത്തര്‍ എയര്‍വെയ്‌സ് ഇതിനകം ഇന്ത്യയിലെത്തിച്ചത്. ഇന്ന് ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ 1,350 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു. 2,800 സിലിണ്ടറുകള്‍ കൂടി വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് പറക്കും.

അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് കൂടുതല്‍ പിന്തുണ നല്‍കാന്‍ ഖത്തര്‍ ഡവലപ്മെന്റ് ഫണ്ട് പ്രവര്‍ത്തിച്ചു വരികയാണെന്നും അംബാസഡര്‍ ദീപക് മിത്തല്‍ പറഞ്ഞു.

ഓക്‌സിജന്‍ ക്ഷാമം അപ്രതീക്ഷിതം
ആവശ്യകത അപ്രതീക്ഷിതമായി വര്‍ധിച്ചതാണ് ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് ഇടയാക്കിയതെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ്. 2020 ആഗസ്ത് 1ന് 5700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 9000 മെട്രിക് ടണ്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട. റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ഉല്‍പ്പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇതിന് പുറമേ വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായവും കൃത്യമായി സ്വീകരിച്ച് ആവശ്യമായ ഇടങ്ങളില്‍ വിതരണം ചെയ്യുന്നു. 40ഓളം രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

വാക്‌സിനേഷനില്‍ ഇന്ത്യ മുന്നില്‍
ഇന്ത്യയുടെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ ശതമാനം കുറവാണെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ ഡോസ് വാക്‌സിനുകള്‍ നല്‍കിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്ക് പുറമേ സ്പുട്‌നിക് വാക്‌സിനും ഇന്ത്യയില്‍ വിതരണം ചെയ്തു തുടങ്ങി. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, നോവമോക്‌സ് വാക്‌സിനുകള്‍ അധികം വൈകാതെ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങും. മറ്റ് വിദേശവാക്‌സിനുകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ ഇന്ത്യ മഹാമാരിയില്‍ നിന്ന് കരകയറുമെന്നും അംബാസഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ALSO WATCH

Most Popular