Sunday, September 19, 2021
Home VIDEO News Video ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍; ആശയക്കുഴപ്പം തുടരുന്നു

ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍; ആശയക്കുഴപ്പം തുടരുന്നു

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമാണോ എന്ന നിര്‍ദേശം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന് നിര്‍ദേശം ലഭിച്ചവര്‍ ഇഹ്തിറാസില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉപാധികളില്ലാതെ അപ്രൂവല്‍ ലഭിച്ചതായാണ് ഏറ്റവും പുതിയ വിവരം.

ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നതിന് ഇഹ്തിറാസ് വെബ്‌സൈറ്റില്‍ അപേക്ഷിച്ച നിരവധി പേര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാനാവശ്യപ്പെടുന്ന ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. ഇത് സംബന്ധമായ വിശദീകരണത്തിന് ഇഹ്തിറാസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ചപ്പോള്‍ ഇമെയില്‍ സന്ദേശത്തില്‍ എന്താണോ പറയുന്നത് അത് പോലെ ചെയ്യാനാണ് നിര്‍ദേശം ലഭിച്ചത്.

എന്നാല്‍, ഈ നിര്‍ദേശം ലഭിച്ച കണ്ണൂരില്‍ നിന്നുള്ള യാത്രക്കാര്‍ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാതെ തന്നെ ഇന്നലെ ഖത്തറിലെത്തി. ട്രാവല്‍ ഏജന്‍സികള്‍ക്കും ഇത് സംബന്ധിച്ച് വ്യക്ത ഇല്ലാത്തതിനാല്‍ സ്വന്തം റിസ്‌കില്‍ യാത്ര ചെയ്യാനാണ് അവര്‍ നിര്‍ദേശിച്ചത്. അങ്ങിനെ യാത്ര ചെയ്തവരാണ് തടസ്സമൊന്നും കൂടാതെ ഖത്തറില്‍ ഇറങ്ങിയത്. ഇതേ തുടര്‍ന്ന് ഇന്നലെയും ഇന്നുമായി പലരും ഇഹ്തിറാസില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തപ്പോള്‍ ക്വാറന്റീന്‍ നിബന്ധന ഇല്ലാതെയുള്ള കണ്‍ഫര്‍മേഷന്‍ ഇമെയില്‍ ലഭിച്ചിട്ടുണ്ട്.

യാത്ര മുടങ്ങി മലയാളി
ക്വാറന്റീന്‍ ബുക്ക് ചെയ്യണമെന്ന ഇമെയില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് വൈകീട്ടത്തെ വിമാനത്തില്‍ യാത്ര ചെയ്യേണ്ട ടിക്കറ്റ് റദ്ദാക്കിയ കണ്ണൂര്‍ സ്വദേശി വെട്ടിലായി. ഇഹ്തിറാസ് വെബ്‌സൈറ്റില്‍ ഒന്നുകൂടി ട്രൈ ചെയ്ത് നോക്കാനുള്ള ട്രാവലിങ് രംഗത്തുള്ളവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ഇന്നലെ രാത്രി വീണ്ടും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, പുലര്‍ച്ചെ വരെ മറുപടി ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിമാന ടിക്കറ്റ് കാന്‍സല്‍ ചെയ്തത്. കാന്‍സല്‍ ചെയ്തതിന് പിന്നാലെ രാവിലെയോടെ യാത്ര ക്വാറന്റീന്‍ ഇല്ലാതെ അപ്രൂവ് ചെയ്തതായി സന്ദേശം ലഭിച്ചു. എന്നാല്‍, ഇനി 29ാം തിയ്യതി മാത്രമേ വിമാനത്തില്‍ ടിക്കറ്റ് ഒഴിവുള്ളു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതോടെ യുവാവിന്റെ യാത്ര താല്‍ക്കാലികമായി മുടങ്ങി.

കണ്‍ഫ്യൂഷനിലായി യാത്രക്കാര്‍
ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് പ്രഖ്യാപിച്ചത് മുതല്‍ ഇത്തരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. ഇഹ്തിറാസ്, ഡിസ്‌കവര്‍ ഖത്തര്‍ ഹെല്‍പ്പ്‌ലൈനുകളില്‍ നിന്ന് വ്യത്യസ്ത തരത്തില്‍ മറുപടി ലഭിക്കുന്നതും യാത്രക്കാരെ കുഴക്കുന്നു. ട്രാവല്‍ ഏജന്‍സികള്‍ക്കും വിമാന കമ്പനികള്‍ക്കും ഇക്കാര്യത്തില്‍ കൃത്യമായ ധാരണയില്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ 5000 റിയാല്‍ കൈയില്‍ കരുതണമെന്ന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കഴിഞ്ഞ ദിവസം ദോഹ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചിരുന്നു. ഇങ്ങിനെയൊരു നിര്‍ദേശം നേരത്തേ ഉണ്ടെങ്കിലും കര്‍ശനമായി നടപ്പിലാക്കാത്തത് കൊണ്ടാണ് തങ്ങള്‍ യാത്രക്കാരോട് ഇക്കാര്യം പറയാതിരുന്നതെന്നാണ് വിമാന കമ്പനികളുടെയും യാത്രാ സൗകര്യമൊരുക്കിയ ഏജന്‍സികളുടെയും ന്യായം.

വ്യാജവാര്‍ത്ത പ്രചരിക്കുന്നുവെന്ന് എംബസി
പൂര്‍ണമായും വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കുള്ള ഖത്തര്‍ യാത്രാ നയത്തില്‍ മാറ്റം വന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. പുതിയ യാത്രാനയം സംബന്ധിച്ച് അറിയാന്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സന്ദര്‍ശിക്കാനും എംബസി നിര്‍ദേശിച്ചു.
ALSO WATCH

 

Most Popular