Tuesday, April 13, 2021
Home News Kerala വിമാനം റദ്ദാക്കല്‍: മാധ്യമവാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് ഇന്ത്യന്‍ എംബസി; വിമാനം നാളെ വൈകീട്ട് പുറപ്പെടും

വിമാനം റദ്ദാക്കല്‍: മാധ്യമവാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് ഇന്ത്യന്‍ എംബസി; വിമാനം നാളെ വൈകീട്ട് പുറപ്പെടും

ദോഹ: ഇന്നലെ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയതു സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി. വിമാനം റദ്ദാക്കിയത് സാങ്കേതിക തടസ്സങ്ങള്‍ കാരണമാണെന്നും ലാന്റിങ്, ഹാന്‍ഡ്‌ലിങ് ചാര്‍ജുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമല്ലെന്നും എംബസി ട്വിറ്ററില്‍ വ്യക്തമാക്കി. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ എന്താണെന്ന് വിശദീകരിക്കാന്‍ എംബസി തയ്യാറായില്ല.

ഗര്‍ഭിണികളും രോഗികളും ഉള്‍പ്പെടെയുള്ള യാത്രക്കാരെ മുഴുവന്‍ വിമാനത്താവളത്തിലേക്കു വിളിച്ചുവരുത്തി യാതൊരു അറിയിപ്പും നല്‍കാതെ മണിക്കൂറുകളോളം കാത്തിരിക്കാന്‍ ഇടയാക്കിയതിനെതിരേ വന്‍വിമര്‍ശനം ഉയരന്നതിനിടെയാണ് എംബസി വിശദീകരണം.

ഖത്തറില്‍ നിന്ന് ലാന്റിങ് പെര്‍മിഷന്‍ ലഭിക്കാത്തതാണ് വിമാനം റദ്ദാവാന്‍ കാരണമെന്ന് ഇന്നലെ തിരുവനന്തപുരം ജില്ലാ കലക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍, യാത്രാനുമതി ലഭിക്കാത്ത ചിലര്‍ യാത്രക്കാരുടെ പട്ടികയില്‍ ഉണ്ടായതു കൊണ്ടാണ് അനുമതി ലഭിക്കാത്തതെന്നായിരുന്നു ദോഹയിലെ എംബസിയുമായി ബന്ധപ്പെട്ട ചിലര്‍ അനൗദ്യോഗികമായി അറിയിച്ചത്.

അതേ സമയം, രക്ഷാദൗത്യമെന്ന പേരില്‍ നടത്തുന്ന പ്രത്യേക വിമാന സര്‍വീസിന്, യാത്രക്കാരില്‍ നിന്ന് വന്‍തുക ടിക്കറ്റിന് ഈടാക്കിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അതിനിടെ, ഇന്നലെ റദ്ദാക്കിയ വിമാനം നാളെ വൈകീട്ട് പ്രാദേശിക സമയം 4.30ന് ദോഹയില്‍ നിന്ന് പുറപ്പെടുമെന്നും അര്‍ധരാത്രിക്ക് ശേഷം ഇന്ത്യന്‍ സമയം 12.40ന് തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നും എംബസി മറ്റൊരു ട്വീറ്റില്‍ അറിയിച്ചു.

indian embassy qatar denies news about flight cancellation


 

Most Popular