Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ ജയില്‍ മോചിതരായ ഇന്ത്യന്‍ ദമ്പതികള്‍ ഇന്ന് നാട്ടിലേക്ക്

ഖത്തറില്‍ ജയില്‍ മോചിതരായ ഇന്ത്യന്‍ ദമ്പതികള്‍ ഇന്ന് നാട്ടിലേക്ക്

ദോഹ: ബന്ധുവിന്റെ ചതിയില്‍ കുടുങ്ങി ലഹരി മരുന്ന് കേസില്‍ ഖത്തര്‍ ജയിലില്‍ കുടുങ്ങിയ ഇന്ത്യന്‍ ദമ്പതികള്‍ ഇന്ന് നാട്ടിലേക്ക് മടങ്ങും. ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ സ്വദേശികളായ ഒനിബയും ഷാരിഖ് ഖുറൈഷിയും കഴിഞ്ഞ ദിവസം ജയില്‍ മോചിതരായിരുന്നു. ജയിലില്‍ വച്ച പിറന്ന മകള്‍ ആയത്തിനോടൊപ്പമാണ് ഇവര്‍ മടങ്ങുന്നത്. ഇവരുടെ നിരപരാധിത്വം തെളിയിക്കുന്നതില്‍ കൂടെ നിന്ന ഇന്ത്യന്‍, ഖത്തര്‍ അധികൃതര്‍ക്ക് എംബസി നന്ദി അറിയിച്ചു. സത്യം എല്ലായ്‌പ്പോഴും വിജയിക്കുമെന്നും എംബസി കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കുടുംബത്തെ ആശംസിച്ച് അയച്ചു.

മാര്‍ച്ച് 29ന് ആണ് കേസില്‍ ഇവരെ വെറുതെ വിടാന്‍ ഖത്തര്‍ സുപ്രിം കോടതി ഉത്തരവിട്ടത്. എന്നാല്‍, രേഖകള്‍ തയ്യാറാവാത്തതിനാല്‍ ഇവര്‍ ജയിലില്‍ തുടരുകയായിരുന്നു. ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ അഡ്വ. നിസാര്‍ കോച്ചേരിയുടെ ഇടപെടലാണ് കേസില്‍ വഴിത്തിരിവായത്.

ദമ്പതികള്‍ ജയിലഴികള്‍ക്കുള്ളിലായത് ഇങ്ങിനെ

2019 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
മധുവിധു ആഘോഷിക്കാനാണ് ദമ്പതികളായ മുഹമ്മദ് ഷാരിഖും ഒനിബയും ദോഹയിലെത്തിയത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങവെ ഇവരുടെ ബാഗില്‍ നിന്നു 4 കിലോ ഹാഷിഷ് കണ്ടെത്തുകയായിരുന്നു. നാട്ടില്‍ നിന്ന വരുമ്പോള്‍ അമ്മായി തബസ്സും റിയാസ് ഖുറൈശി കൈമാറിയ പൊതിയില്‍ നിന്നാണ് മയക്കുമരുന്ന് ലഭിച്ചത്. ഗര്‍ഭിണിയായിരിക്കെ ഒനിബയെ ബന്ധു നിര്‍ബന്ധിച്ച് മധുവിധുവിനായി ദോഹയില്‍ എത്തിക്കുകയായിരുന്നു. തന്റെ വിവാഹ സമ്മാനമാണ് ഇതെന്ന് പറഞ്ഞായിരുന്നു ദമ്പതികളെ ബന്ധു കെണിയില്‍ വീഴ്ത്തിയത്.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ കീഴ്ക്കോടതിയാണ് ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും 3 ലക്ഷം റിയാല്‍ വീതവും പിഴയും വിധിച്ചത്.

ദമ്പതിമാര്‍ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട ശേഷം ഷാരിഖിന്റെ പിതാവ് ഷരീഫ് ഖുറേഷി ഖത്തറിലെത്തി ഇരുവര്‍ക്കുമായി ഒരു അഭിഭാഷകനെ നിയമിച്ചിരുന്നു. ഷാരിഖും തബസ്സുമും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഹാജരാക്കി. ഈ ശബ്ദരേഖയില്‍ തബസ്സും ഇവരെ ഖത്തര്‍ സന്ദര്‍ശിക്കാനായി നിര്‍ബന്ധിക്കുന്നതും പുകയില പാക്കറ്റിന്റെ കാര്യം സംസാരിക്കുന്നതും വ്യക്തമായി കേള്‍ക്കാമായിരുന്നു.

എന്നാല്‍ ഈ തെളിവ് ഹാജരാക്കിയിട്ടും അപ്പീല്‍ കോടതി 2020 ജനുവരി 27 ന് ദമ്പതികളുടെ അപേക്ഷ നിരസിക്കുകയും വിചാരണ കോടതിയുടെ വിധി ശരിവയ്ക്കുകയും ചെയ്തു. 2020 ഫെബ്രുവരിയില്‍ ഒനിബ ജയിലില്‍ വച്ച് അയാത് എന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഷാരിഖിന്റെ പിതാവ് ഖയ്യൂം രക്ഷപ്പെടുന്നതിനുള്ള മാര്‍ഗങ്ങളന്വേഷിച്ചു. അങ്ങനെയാണ് പ്രമുഖ ഇന്ത്യന്‍ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. നിസാര്‍ കോച്ചേരിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ കേസ് കൊടുത്തത്. ഇന്ത്യന്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തില്‍ ഷാരിഖിന്റെ അമ്മായിയായ തബസ്സും ഖുറൈഷി മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് തെളിഞ്ഞതാണ് സംഭവത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് തബസ്സും ഖുറൈശിയും സഹായിയും ഇന്ത്യയില്‍ അറസ്റ്റിലായതോടെ ഷാരിഖും ഒനിബയും വഞ്ചിക്കപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ദമ്പതികളുടെ മോചനത്തിന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയവും വിദേശ മന്ത്രാലവും എല്ലാ സഹായസഹകരണങ്ങളും നല്‍കി.

2021 ജനുവരി 11 ന് കോര്‍ട്ട് ഓഫ് കാസേഷന്‍ (ക്രിമിനല്‍ ഡിപ്പാര്‍ട്ട്‌മെന്റ്) മേധാവി ജസ്റ്റിസ് ഹമദ് മുഹമ്മദ് അല്‍ മന്‍സൂരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേസില്‍ വാദം കേള്‍ക്കുകയും അപ്പീല്‍ കോടതിയുടെ വിധിയില്‍ തെറ്റുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തു. കുറ്റാരോപിതര്‍ക്ക് ക്രിമിനല്‍ ഉദ്ദേശങ്ങള്‍ ഇല്ലായിരുന്നുവെന്നും ഇവരില്‍ നിന്ന് പിടിച്ചെടുത്ത വസ്തു മയക്കുമരുന്നാണെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നും പരമോന്നത കോടതി വ്യക്തമാക്കി.

ദമ്പതിമാര്‍ ഹാജരാക്കിയ തെളിവുകള്‍ പ്രാധാന്യമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഇവ പരിഗണിക്കാതെയാണ് അപ്പീല്‍ കോടതി വിചാരണ കോടതിയുടെ വിധി ശരിവച്ചത്. അതിനാല്‍ കോടതിക്ക് ഇത് സ്വതന്ത്രമായി പരിശോധിക്കേണ്ടി വന്നു. വിഷയം സൂക്ഷ്മമായി പരിശോധനിക്കുവാന്‍ മറ്റൊരു ബെഞ്ചിനു കീഴില്‍ വാദം കേള്‍ക്കണമെന്ന് വിധിച്ചുകൊണ്ട് കോടതി കേസ് മടക്കുകയായിരുന്നു.

ഈ മാസം 22 ന് കോടതി ചേര്‍ന്നപ്പോള്‍ പ്രതികളുടെ അഭിഭാകന്‍ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും ഹാജറാക്കി. അങ്ങിനെയാണ് ഇന്ന് രാവിലെ ഷാറിഖിനേയും ഒനീബയേയും കുറ്റമുക്തരാക്കികൊണ്ടുള്ള സുപ്രധാന വിധി കോടതി പ്രഖ്യാപിച്ചത്.
ALSO WATCH

 

 

Most Popular