Sunday, September 26, 2021
Home Gulf Qatar ഖത്തറില്‍ വിളയുന്ന കേരള പച്ചക്കറികള്‍ ഉടന്‍ വിപണിയിലെത്തും

ഖത്തറില്‍ വിളയുന്ന കേരള പച്ചക്കറികള്‍ ഉടന്‍ വിപണിയിലെത്തും

ദോഹ: ഇനി ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടുപച്ചക്കറികള്‍ക്കായി കേരളത്തില്‍ നിന്ന് വരുന്ന ചരക്കുവിമാനങ്ങള്‍ കാത്തിരിക്കേണ്ട. അല്‍ഖോറില്‍ 178 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന, മലയാളി മാനേജ്മെന്റിന്റെ നേതൃത്വത്തിലുള്ള ‘ഏജിലീവ്സ്’ എന്ന കാര്‍ഷിക ഫാം ആണ് ഖത്തറിന്റെ പച്ചക്കറികള്‍ക്കൊപ്പം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ നാട്ടുപച്ചക്കറികള്‍ കൂടി വിപണിയിലേക്ക് എത്തിക്കുന്നത്. ഇതാദ്യമായാണ് മലയാളി മാനേജ്മെന്റിന്റെ കീഴില്‍ ഖത്തറില്‍ കാര്‍ഷിക ഫാമിന്റെ പ്രവര്‍ത്തനം.

24 ഓളം ഗ്രീന്‍, പോളിഹൗസുകളിലായാണ് കൃഷി. നിലവില്‍ തക്കാളി, വഴുതനങ്ങ, വെള്ളരി, വെണ്ടയ്ക്ക, പച്ചമുളക്, ഖോസ, കാപ്സിക്കം തുടങ്ങി 23 ഇനങ്ങളിലുള്ള പച്ചക്കറികളുണ്ട്. ഇലവര്‍ഗങ്ങളില്‍ ജര്‍ജീര്‍, മല്ലി, പുതിന, കൊഴുപ്പചീര, പാലക് ചീര, ലെറ്റൂസ്, ചുവപ്പന്‍ ചീര എന്നിവയാണ് കൃഷി ചെയ്യുന്നത്. കൂടാതെ നാലായിരത്തോളം ഈന്തപ്പനകളുമുണ്ട്. ചാണകം, ആട്ടിന്‍ കാഷ്ടം എന്നിവയെല്ലാമാണ് പച്ചക്കറി കൃഷിയിലെ പ്രധാന വളം.

qatar-indian-vegetables

പ്രവാസികളെ ലക്ഷ്യമിട്ട് നാട്ടുപച്ചക്കറി കൃഷിക്കുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഫാം ജനറല്‍ മാനേജര്‍ ഷംഷീര്‍ അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള വിത്തുകളും തൈകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രാദേശിക പച്ചക്കറികളുടെ വിപണന മേളയിലും ഏജിലീവ്സിന്റെ പ്രീമിയം പച്ചക്കറികളെത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. ദോഹ നഗരത്തില്‍ വാരാന്ത്യങ്ങളില്‍ നേരിട്ടുള്ള പച്ചക്കറി വില്‍പനക്കും www.indochynestore.com വഴി ഓണ്‍ലൈന്‍ വില്‍പനയ്ക്കുമുള്ള തയാറെടുപ്പിലാണ് ഫാം മാനേജ്മെന്റ്. ഹോം ഡെലിവറി സേവനത്തിലൂടെ പ്രവാസികള്‍ക്ക് നല്ല ഫാം ഫ്രഷ് പച്ചക്കറികള്‍ തന്നെ വീട്ടിലെത്തും. അടുക്കളത്തോട്ടങ്ങളിലേക്കാവശ്യമായ മണ്ണ് മുതല്‍ വളങ്ങളും ഗ്രോബാഗും വരെ വാങ്ങാനുള്ള സൗകര്യം നിലവില്‍ ഓണ്‍ലൈനിലുണ്ട്. ഒപ്പം കൃഷി സംബന്ധമായ സംശയനിവാരണവും നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 74461960.

Most Popular