Monday, June 21, 2021
Home Ediotrs Pick ഗോള്‍ എണ്ണത്തില്‍ മെസ്സിയെ മറികടന്ന് ഇന്ത്യയുടെ സുനില്‍ ഛേത്രി; നേട്ടം സ്വന്തമാക്കിയത് ദോഹയില്‍

ഗോള്‍ എണ്ണത്തില്‍ മെസ്സിയെ മറികടന്ന് ഇന്ത്യയുടെ സുനില്‍ ഛേത്രി; നേട്ടം സ്വന്തമാക്കിയത് ദോഹയില്‍

ദോഹ: ബംഗ്ലാദേശിനെതിരേ നടന്ന ഏഷ്യന്‍ മേഖലാ ലോകകപ്പ് മല്‍സരം ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക് സമ്മാനിച്ചത് അവിസ്മരണീയ മുഹൂര്‍ത്തം. ഈ മല്‍സരത്തില്‍ ഛേത്രി നേടിയ ഇരട്ട ഗോളോടെ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിയെ ഗോളെണ്ണത്തില്‍ മറികടന്നു.

ഇന്ത്യക്കായി ഛേത്രി ഇതുവരെ 74 ഗോളുകളടിച്ചു. നിലവില്‍ ഛേത്രിയെക്കാള്‍ കൂടുതല്‍ ഗോളുകള്‍ ഉള്ളത് പോര്‍ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കു മാത്രമാണ്. 103 രാജ്യാന്തര ഗോളുകളാണു റൊണാള്‍ഡോ അടിച്ചിട്ടത്. ലയണല്‍ മെസിക്ക് 72 ഗോളുകളാണ്. 73 ഗോളുകളടിച്ച ഇറാന്റെ അലി മഖ്ബൂതിനെയും ഛേത്രി മറികടന്നു. കോപാ അമേരിക്കയില്‍ അര്‍ജന്റീനയുടെ നായകന്‍ കൂടിയായ മെസി ഗോളടി തുടര്‍ന്നാല്‍ ഛേത്രിയെ മറികടക്കും.

രാജ്യാന്തര ഫുട്ബോളിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ 11-ാം സ്ഥാനത്താണു 36 വയസുകാരനായ ഛേത്രി. മൂന്ന് പതിറ്റാണ്ടുകളിലും ഗോളടിക്കുന്ന ഒരേയൊരു ഇന്ത്യന്‍ താരമാണു ഛേത്രി. 2007 ല്‍ കമ്പോഡിയയ്ക്കെതിരേയാണു ഛേത്രിയുടെ ആദ്യ ഗോള്‍. 2010 ല്‍ വിയറ്റ്നാമിനെതിരേയും ഛേത്രി ഗോളടിച്ചു. മെസിയെ മറികടന്നെങ്കിലും ബംഗ്ലാദേശിനെതിരേ നിരവധി അവസരങ്ങള്‍ പാഴാക്കിയ നിരാശയിലാണു ഛേത്രി. ബംഗ്ലാ പ്രതിരോധത്തെക്കാള്‍ തങ്ങളുടെ തന്നെ പിഴവുകളാണു കാരണമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

ടീമിന്റെ ജയത്തിനെക്കാള്‍ ഗോളുകളുടെ എണ്ണത്തിനു പ്രാധാന്യം കൊടുക്കാറില്ലെന്ന് ഛേത്രി പറഞ്ഞു. മെസിയെ മറികടന്ന ഛേത്രിയെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജു അഭിനന്ദിച്ചു. ബംഗ്ലാദേശിനെതിരേ ഛേത്രിയടിച്ച ഗോളുകള്‍ ആസ്വദിച്ചാണു കണ്ടതെന്നും റിജുജു ട്വീറ്റ് ചെയ്തു.
ALSO WATCH

 

Most Popular