Saturday, September 25, 2021
Home Gulf Qatar തൊഴില്‍ നഷ്ടപ്പെട്ടവരെ വലവീശാന്‍ അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങള്‍; ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

തൊഴില്‍ നഷ്ടപ്പെട്ടവരെ വലവീശാന്‍ അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങള്‍; ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

ദോഹ: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട ആയിരങ്ങളെ വലവീശാന്‍ അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങള്‍ രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെ പരസ്യങ്ങള്‍ നല്‍കിയാണ് ഇത്തരക്കാര്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമായിരിക്കുന്നത്.

ഖത്തറിലെ പുതിയ വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അന്തരാഷ്ട്ര രംഗത്തെ നിഗൂഢ ഏജന്‍സികളാണെന്ന് പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്തു. ഖത്തറില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടെന്ന് പരസ്യം നല്‍കിയാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ കെണിയില്‍ വീഴ്ത്തുന്നത്. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും രജിസ്‌ട്രേഷനും മറ്റുമെന്ന രീതിയില്‍ പണം പറ്റുകയും ചെയ്യുന്നുണ്ട്.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ഏജന്‍സികള്‍ക്ക് തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പ്രത്യേകിച്ച് ബാങ്ക് അക്കൗണ്ട് നമ്പറുകളോ പാസ്‌വേഡുകളോ കൈമാറരുതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സാമൂഹിക സേവനത്തിന് രജിസ്റ്റര്‍ ചെയ്യാനെന്ന പേരിലും ചില സംഘങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താതെ ഒരുതരത്തിലും അവരുമായി ആശയവിനിമയം നടത്തരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഖത്തര്‍ ചേംമ്പറിന് കീഴില്‍ അംഗീകൃത ഏജന്‍സികളിലൂടെ മാത്രമാണ് നിലവില്‍ രാജ്യത്ത് തൊഴില്‍ റിക്രൂട്ട്മെന്റ് നടക്കുന്നത്. വിദേശത്തുള്ളവര്‍ പ്രത്യേകിച്ച് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്ക് adlsa.gov.qa എന്ന വെബ്‌സൈറ്റിനെയോ @ADLSAQa എന്ന ട്വിറ്റര്‍ ഐഡിയെയോ ആശ്രയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.


 

Most Popular