Tuesday, May 11, 2021
Home Gulf Qatar ദോഹ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ തിരിച്ചറിഞ്ഞു; മാതാവ് മുങ്ങി, പിതാവ് ദോഹയില്‍

ദോഹ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ തിരിച്ചറിഞ്ഞു; മാതാവ് മുങ്ങി, പിതാവ് ദോഹയില്‍

ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാപിതാക്കളെ തിരിച്ചറിഞ്ഞു. ഇരുവരും ഏഷ്യന്‍ സ്വദേശികളാണ്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം അമ്മ രാജ്യം വിട്ടതായി പബ്ലിക് പ്രോസിക്യൂഷന്‍. ഏഷ്യന്‍ രാജ്യക്കാരിയായ കുഞ്ഞിന്റെ അമ്മ മറ്റൊരു ഏഷ്യക്കാരനുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം മാലിന്യപെട്ടിയില്‍ ഉപേക്ഷിച്ച് യുവതി രാജ്യം വിട്ടതെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കുഞ്ഞിന്റെ പിതാവ് ദോഹയിലുണ്ട്. പ്രസവിച്ച ഉടന്‍ മൊബൈല്‍ ഫോണില്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ അയച്ച ശേഷം മാലിന്യപെട്ടിയില്‍ നിക്ഷേപിച്ച വിവരവും രാജ്യം വിടുകയാണെന്ന സന്ദേശവും യുവതി അയച്ചിരുന്നതായും ഇയാള്‍ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയില്‍ ഇയാളാണ് പിതാവെന്നും തെളിഞ്ഞിട്ടുണ്ട്.

വനിതാ യാത്രക്കാരെ പരിശോധിച്ചതില്‍ ചട്ടലംഘനം നടത്തിയ വിമാനത്താവളത്തിലെ സുരക്ഷാ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമപ്രകാരം മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ ഖത്തര്‍ നിയമപ്രകാരം യുവതിക്ക് 15 വര്‍ഷം വരെ തടവാണ് ലഭിക്കുക. യുവതിയെ അറസ്റ്റ് ചെയ്യാനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ശുചിമുറിയിലെ മാലിന്യപെട്ടിയില്‍ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെടുത്തത്. പെണ്‍കുഞ്ഞ് ഇപ്പോള്‍ ശിശുപരിപാലന കേന്ദ്രത്തിന്റെ സംരക്ഷണത്തിലാണ്.

Most Popular