ദോഹ: ഖത്തറിലെ ആദ്യ മലയാളി പ്രവാസികളിലൊരാളായ കരണ്ടോത്ത് മൂസ്സഹാജി (85) ഓര്‍മയായി. ജീവിത പ്രാരാബ്ദങ്ങള്‍ തീര്‍ക്കാന്‍ കടലിനപ്പുറത്തെ കാണാപ്പൊന്ന് തേടിയുള്ള മൂസഹാജിയുടെ യാത്ര സിനിമാക്കഥകളെ പോലും വെല്ലുന്ന ചരിത്രമാണ്.
1955ല്‍ ഇന്ത്യയില്‍ നിന്ന് പാകിസ്താന്, ഇറാന്, ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ താണ്ടിയാണ് മൂസ ഹാജി ദോഹയിലെത്തിയത്. അതും പാസ്പോര്‍ട്ടില്ലാത്ത യാത്ര. 18 തികയും മുമ്പ് താന്‍ നടത്തിയ സാഹസിക യാത്രയെക്കുറിച്ച് അദ്ദേഹം തന്നെ വിവരിച്ചത് ഇങ്ങിനെ:
”ആദ്യം ചെന്നൈയിലേക്ക് ട്രെയിനില്‍ പോവുകയാണ് ചെയ്തത്. പിന്നീട് വിജയവാഡ, മുംബൈ എന്നിവിടങ്ങളിലേക്കും തുടര്‍ന്ന് ജോദ്പൂരിലേക്കും ട്രെയിനില്‍ തന്നെ യാത്ര നടത്തി. പണമില്ലാത്തതിനാല്‍ കറാച്ചിയിലേക്ക് ടിക്കറ്റെടുക്കാതെയായിരുന്നു ട്രെയിന്‍ യാത്ര. പിടിക്കപ്പെട്ടതിനാല്‍ കറാച്ചിക്കടുത്ത കുമോബാറകില്‍ നിന്ന് കൊദ്രോയിലേക്കും ഇറാന്റെ അതിര്‍ത്തിയിലേക്കും ദീര്‍ഘമായ നടത്തമായിരുന്നു പോംവഴി. പതിനേഴു ദിവസം മരുഭൂമിയിലൂടെ നടന്ന് ഒടുവില്‍ എത്തിച്ചേര്‍ന്നത് തെക്കു കിഴക്കന്‍ ഇറാനിലെ ഹോര്മോഗം പ്രവിശ്യയിലെ കൊച്ചുഗ്രാമമായ കുഹ് മുബാറകിലാണ്
അര്‍ധപട്ടിണിയിലും വെള്ളംകിട്ടാതേയുമൊക്കെയുള്ള രണ്ടാഴ്ചയിലധികമുള്ള നടത്തം. യാത്രയ്ക്കിടെ പലേടത്തും പല ജോലികളും ചെയ്യേണ്ടി വന്നു. റസ്റ്റോറന്റുകളിലും തുറമുഖങ്ങളിലും ജോലി ചെയ്തു. പലേടങ്ങളിലും പൊലീസ് കസ്റ്റഡിയിലാവുകയും ജയിലിലാവുകയും ചെയ്തു.
ജോദ്പൂരില്‍ വെച്ച് ടിക്കറ്റില്ലാത്തതിനാലാണ് അറസ്റ്റുണ്ടായത്. ഇറാന് അതിര്‍ത്തിയില്‍ വെച്ച് തീര സുരക്ഷാ സേനയുടെ പിടിയിലായി. വെള്ളമില്ലാതെ മരുഭൂമയില് തളര്‍ന്നു വീഴുന്ന സാഹചര്യം വരേയുണ്ടായി. ഇറാന് വഴി ഗള്‍ഫ് തീരം കടന്ന് ഒമാനില്‍ നിന്ന് പായക്കപ്പലില്‍ യുഎഇയിലെ ഖോര്‍ഫുക്കാനിലാണ് ആദ്യമെത്തിയത്. പിന്നീട് അവിടെ നിന്ന് ദുബയിലേക്കും പായക്കപ്പലില്‍ ഖത്തറിലെ മിസഈദ് തുറമുഖത്തും വന്നെത്തുകയായിരുന്നു.” 1956 നവംബറില്‍ ഖത്തറിലെത്തിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ സന്തോഷ്ചന്ദ്രനുമായി സംസാരിക്കവെ മൂസ്സഹാജി വ്യക്തമാക്കി. 2015ല്‍ ഖത്തര്‍ ട്രിബ്യൂണ്‍ ദിനപത്രത്തിനു വേണ്ടി നടത്തിയ അഭിമുഖത്തിലായിരുന്നു ഈ വിശദീകരണം.
ആദ്യം ജോലി ചെയ്തത് ദോഹ പെട്രോള്‍ സ്റ്റേഷനു സമീപത്തെ സാമ റസ്റ്റോറന്റില്‍. കൂലി 150 രൂപ. അന്ന് രൂപ പൗണ്ടാക്കി മാറ്റി മണി ഓര്‍ഡര്‍ അയക്കുകയായിരുന്നു പതിവ്. 9 വര്‍ഷങ്ങളുടെ പ്രവാസത്തിന് ശേഷം നാട്ടില്‍ പോവാനാലോചിക്കുമ്പോഴാണ് പാസ്പോര്‍ട്ട് ആവശ്യമാണെന്ന കാര്യം മനസ്സിലായത്. ഖത്തറില്‍ ഇന്ത്യയുടെ എംബസിയോ കോണ്‍സുലാര്‍ സേവനങ്ങളോ ഇല്ല. 1963-ല്‍ ഒമാനിലെ മസ്ക്കറ്റിലുള്ള കോണ്‍സുലാര്‍ സെന്റര്‍ വഴിയാണ് പാസ്പോര്‍ട്ട് തരപ്പെടുത്തിയതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
1964 ലാണ് ഗള്‍ഫിലെത്തിയ ശേഷമുള്ള നാട്ടിലേക്കുള്ള ആദ്യയാത്ര. വടകര റയില്‍വേസ്റ്റേഷനില്‍ ഒരു ഗ്രാമം മുഴുവന്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നുവെന്ന് പലരും ഓര്‍ത്തെടുക്കുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഓള്‍ഡ് സലതയില്‍ നീലിമ ഹോട്ടല്‍ ആരംഭിച്ച മൂസ്സഹാജി പിന്നീട് സര്‍ക്ക എന്ന് ആ സ്ഥാപനത്തിന് പേരുമാറ്റി. നീലിമ ആരംഭിച്ച കാലത്ത് തന്നെ ഓള്‍ഡ് സലതയിലെ കോര്‍ണിഷ് റോഡില്‍ നാസര്‍ ജൂസ്, നാസര്‍ ഗ്രോസറി, നാസര്‍ ബേക്കറി എന്നീ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുകയുണ്ടായി.
ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മൂസ്സഹാജി തന്റെ നാടിന്റെ വികസനത്തില്‍ വലിയ പങ്കുവഹിച്ച വ്യക്തിത്വം കൂടിയാണ്. മുസ്്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം കേരളത്തിലെ രാഷ്ട്രീയ മത നേതാക്കളുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളിക്കടുത്ത മലാറക്കല്‍ പ്രദേശത്തെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കാന്‍ പണിയെടുത്ത വ്യക്തിത്വം കൂടിയായിരുന്നു. മൂസഹാജി തന്റെ നാട്ടുകാരായ നിരവധി പേരെ ഖത്തറിലെത്തിച്ചു ജോലി തരപ്പെടുത്തിക്കൊടുത്തിരുന്നു.
2 വര്‍ഷം മുമ്പാണ് അവസാനമായി ഖത്തറില്‍ വന്നത്. ഫാതിമ ഹജ്ജുമ്മയാണ് ഭാര്യ. അബ്ദുല്‍ നാസര്‍ നീലിമ, ഇസ്മാഈല്‍ നീലിമ (ഇരുവരും ഖത്തര്‍), കുഞ്ഞയിഷ, ഖദീജ, സമീറ, ലാഹിദ എന്നിവര്‍ മക്കളും മൊയ്തു എ സി, ഇസ്മായില്‍ കളരിയില്‍, ഫൈസല്‍ കൊച്ചന്റവിട, നജീബ് മഠത്തില്‍, അസ്മ പാലപൊയില്‍, നസീമ വട്ടക്കാട്ടില്‍ മരുമക്കളുമാണ്.