Sunday, July 25, 2021
Home Newsfeed കത്താറയില്‍ ജലവിനോദങ്ങളുടെ നിരക്ക് പകുതിയാക്കി കുറച്ചു

കത്താറയില്‍ ജലവിനോദങ്ങളുടെ നിരക്ക് പകുതിയാക്കി കുറച്ചു

ദോഹ: ഖത്തറിലെ സാംസ്‌കാരിക ഗ്രാമമായ കത്താറയില്‍ എല്ലാ ജലവിനോദങ്ങളുടെയും നിരക്ക് പകുതിയാക്കി കുറച്ചു. മോട്ടോര്‍ ബോട്ട് റൈഡ്, തടിച്ചങ്ങാടം റൈഡ്, വാട്ടര്‍ സ്‌കീയിങ്, പാരാസെയിലിങ്, പെഡല്‍ ബോട്ട്, ചെറുതോണി തുടങ്ങിയവയൊക്കെ ഇനി പകുതി നിരക്കില്‍ ലഭിക്കും.

അര മണിക്കൂര്‍ നേരത്തേക്കുള്ള നിരക്കാണ് പകുതിയാക്കിയത്. ഇത് പ്രകാരം ബോട്ട് റൈഡിന് 60 റിയാല്‍, തടിച്ചങ്ങാടം 100 റിയാല്‍ എന്നിങ്ങനെയായിരിക്കും നിരക്ക്. വാട്ടര്‍ സ്‌കീയിങ്, പാരാസെയിലിങ് എന്നിവ യഥാക്രമം 75 റിയാല്‍, 50 റിയാല്‍ എന്നീ നിരക്കുകളില്‍ ലഭിക്കും. മോട്ടോര്‍ ഘടിപ്പിക്കാത്ത പെഡല്‍ ബോട്ട്, ചെറുതോണി റെയ്ഡുകള്‍ക്ക് 25 റിയാല്‍ നല്‍കിയാല്‍ മതിയാവും.

കാലാവസ്ഥ അനുസരിച്ചായിരിക്കും ജലവിനോദങ്ങള്‍ അനുവദിക്കുക. നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണം. 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കൂടെ രക്ഷിതാക്കള്‍ ഉണ്ടായിരിക്കണം.

മുന്‍കൂട്ടി ബുക്കിങ് ആവശ്യമില്ല. വൈകീട്ട് 3.30 മുതല്‍ സൂര്യാസ്തമനം വരെയാണ് കടലിലെ വിനോദങ്ങള്‍ അനുവദിക്കുക. അതിന് ശേഷം രാത്രി 11 വരെ ബീച്ചില്‍ ചെലവഴിക്കാവുന്നതാണ്. ഗേറ്റ് നമ്പര്‍ 1, ഗേറ്റ് നമ്പര്‍ 8 എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ ലഭിക്കും. ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 55449862 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ALSO WATCH

 

Most Popular