Thursday, June 17, 2021
Home Gulf Qatar നിക്ഷേപ അവസരം തേടുന്നവര്‍ക്ക് മാര്‍ഗദര്‍ശനമേകാന്‍ ഖത്തറില്‍ കേരള ബിസിനസ് കോണ്‍ക്ലേവ്;  മന്ത്രി ഇ പി ജയരാജന്‍...

നിക്ഷേപ അവസരം തേടുന്നവര്‍ക്ക് മാര്‍ഗദര്‍ശനമേകാന്‍ ഖത്തറില്‍ കേരള ബിസിനസ് കോണ്‍ക്ലേവ്;  മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും

ദോഹ: ഖത്തറിലെ മലയാളികളായ ബിസിനസുകാരെ പിന്തണയ്ക്കുന്നതിന് വേണ്ടി രൂപീകൃതമായ കേരള ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന കെബിഎഫ് ബിസിനസ് കോണ്‍ക്ലേവിന്റെ ആദ്യ എഡിഷന്‍ ഡിസംബര്‍ 7,8 തിയ്യതികളില്‍ വെസ്റ്റിന്‍ ഹോട്ടലില്‍ നടക്കും. സംസ്ഥാന വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 മുതല്‍ 8.30വരെയാണ് പരിപാടി.

ഖത്തറിലും കേരളത്തിലും ബിസിനസ് രംഗത്തുള്ള നിക്ഷേപ അവസരങ്ങള്‍, അതിനുള്ള നടപടിക്രമങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ രൂപം ബിസിനസ് കോണ്‍ക്ലേവില്‍ ലഭിക്കും. പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് വിദഗ്ധ പാനല്‍ മറുപടി നല്‍കും.

kerala business conclave

ആദ്യ ദിവസം വൈകീട്ട് ആറിന് മന്ത്രി ഇ പി ജയരാജന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ മുഖ്യാതിഥിയാവും. ഖത്തര്‍ ചേംബര്‍ ബിസിനസ് കൗണ്‍സില്‍ ഫസ്റ്റ് വൈസ് ചെയര്‍മാനും വൈസ് പ്രസിഡന്റുമായ മുഹമ്മദ് അഹ്മദ് തവാര്‍ അല്‍ കുവാരി, ദോഹ ബാങ്ക് സിഇഒ ഡോ. ആര്‍ സീതാരാമന്‍, വാണിജ്യ വ്യവസായ മന്ത്രാലയം ബിസിനസ് ഡവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഡയറക്ടര്‍ ഹമദ് അല്‍ മര്‍റി, സിന്‍ഗിള്‍ വിന്‍ഡോ ഡയറക്ടര്‍ നാസര്‍ ഉമൈര്‍ എഫ് എ അല്‍ നുഐമി തുടങ്ങിയവര്‍ പങ്കെടുക്കും. ഖത്തര്‍ ഫിനാല്‍ഷ്യല്‍ സെന്റര്‍ ബിസിനസ് ഡവലപ്‌മെന്റ് വൈസ് പ്രസിഡന്റ് ജഹാന്‍ഗീര്‍ ബര്‍ഹോനോവ് മുഖ്യപ്രഭാഷണം നടത്തും. ഖത്തറില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും പ്രവാസികള്‍ക്കുള്ള നിക്ഷേപ അവസരങ്ങളും വിശദീകരിക്കുന്ന പാനല്‍ ചര്‍ച്ചയിലും അദ്ദേഹം സംബന്ധിക്കും.

കേരളത്തിലുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഡയറക്ടര്‍ നിഷാദ്, കേരള ഇന്‍ഡസ്ട്രീസ് ഡിപാര്‍ട്ട്‌മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ ടി എസ് ചന്ദ്രന്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ദാമോദര്‍ അവനൂര്‍ എന്നിവര്‍ സംസാരിക്കും. കേരളത്തിലും ഇന്ത്യയിലും സാമ്പത്തിക, നിയമ, ഭരണ മേഖലയില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും കേരളത്തില്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ കൊണ്ടു വന്ന നടപടികളെക്കുറിച്ചും പാനല്‍ ചര്‍ച്ചയും നടക്കും.

കേരളത്തിലും ഖത്തറിലും നിക്ഷേപമിറക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിന് വേണ്ടി അപേക്ഷ നല്‍കാം. ഇതില്‍ നിന്ന് ഇന്‍വിറ്റേഷന്‍ ലഭിക്കുന്ന 250 പേര്‍ക്കായിരിക്കും പങ്കെടുക്കാന്‍ അവസരമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെബിഎഫ് പ്രസിഡന്റ് കെ ആര്‍ ജയരാജ്, ജനറല്‍ സെക്രട്ടറി ഷഹീന്‍ മുഹമ്മദ് ഷാഫി, ഷൈജന്‍ എം ഒ, സാബിത്ത് ഷഹീര്‍, ജെന്നി ആന്റണി, മിലന്‍ അരുണ്‍, ഷാനവാസ് ബാവ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Most Popular