Sunday, July 25, 2021
Home Newsfeed ഖത്തറില്‍ പെരുന്നാളാഘോഷിക്കുകയായിരുന്ന കുരുന്നുകള്‍ കടലില്‍ വീണു; രക്ഷകനായി മലയാളി യുവാവ്

ഖത്തറില്‍ പെരുന്നാളാഘോഷിക്കുകയായിരുന്ന കുരുന്നുകള്‍ കടലില്‍ വീണു; രക്ഷകനായി മലയാളി യുവാവ്

ദോഹ: ദുരന്തത്തില്‍ കലാശിക്കുമായിരുന്ന പെരുന്നാളാഘോഷത്തില്‍ രക്ഷകനായി മലയാളി യുവാവ്. പ്രവാസി സംഘടനയുടെ പെരുന്നാള്‍ ആഘോഷത്തിനിടെ കടലില്‍ വീണ രണ്ട് കുരുന്നുകളുടെ ജീവനാണ് കീഴുപറമ്പ് സ്വദേശി കെ ഇ അഷ്റഫിന്റെ ധീരമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടത്.

ഖത്തറിലെ കീഴുപറമ്പ നിവാസികളുടെ കൂട്ടായ്മയായ കെപ്വ ബുധനാഴ്ച്ച രാത്രി സംഘടിപ്പിച്ച ഈദ് നിലാവ് പരിപാടിക്കിടെ അല്‍ ഖോറിലെ അല്‍ദകീറ ബീച്ചിലാണ് സംഭവം.

മുതിര്‍ന്നവര്‍ ഒരു ഭാഗത്ത് ഭക്ഷണം പാകം ചെയ്യുകയും മറുവശത്ത് ചൂണ്ടയിടുകയും ചെയ്യുന്നതിനിടെയാണ് കുട്ടികള്‍ കടലില്‍ ആഴമില്ലാത്ത ഭാഗത്ത് കുളിക്കാനിറങ്ങിയത്. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ഈ പ്രദേശത്ത് പൊടുന്നനെ കുട്ടികള്‍ കടലിന്റെ ആഴമുള്ള ഭാഗത്തേക്ക് പതിക്കുകയായിരുന്നു. എട്ടു വയസ്സുള്ള ആണ്‍കുട്ടിയും 12 വയസ്സുള്ള പെണ്‍കുട്ടിയുമാണ് അപകടത്തില്‍പ്പെട്ടത്.

കുടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ടാണ് തൊട്ടടുത്ത് ചൂണ്ടയിടുകയായിരുന്ന അഷ്‌റഫ് ഓടിയെത്തിയത്. നിലവിളി കേട്ടിട്ടും ഒന്നും ചെയ്യാനാകാതെ കരയുന്നവരുടെ ഇടയിലേക്ക് കടന്നുവന്ന അഷ്റഫ് ധൈര്യത്തോടെ വെള്ളത്തിലേക്ക് എടുത്ത് ചാടി ആ കുട്ടികളെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ സുരക്ഷിതമായി കരയിലെത്തിച്ചു കോഴിക്കോട് സ്വദേശികളായ മാതാപിതാക്കളെ ഏല്‍പ്പിച്ചു.

ഒരാളില്‍ കൂടുതല്‍ ആഴ്മുള്ള സ്ഥമായതിനാല്‍ കുട്ടികളെ പ്രയാസപ്പെട്ടാണ് കരയിലെത്തിച്ചതെന്ന് അഷ്റഫ് പറഞ്ഞു. ഈ ഭാഗം അപകടം നിറഞ്ഞ പ്രദേശമായതിനാല്‍ നന്നായി നീന്തല്‍ വശമില്ലാത്തവര്‍ കടലില്‍ ഇറങ്ങരുതെന്ന് അഷ്‌റഫ് മുന്നറിയിപ്പ് നല്‍കി. വലിയൊരു ദുരന്തത്തില്‍ നിന്ന് നാടിനെ രക്ഷിച്ച അഷ്‌റഫിന് ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്.
ALSO WATCH

Most Popular