Monday, September 27, 2021
Home Gulf Qatar ഖത്തറില്‍ നിന്ന് കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറത്താനൊരുങ്ങി കേരള ബിസിനസ് ഫോറം

ഖത്തറില്‍ നിന്ന് കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറത്താനൊരുങ്ങി കേരള ബിസിനസ് ഫോറം

ദോഹ: കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറത്താന്‍ കേരള ബിസിനസ് ഫോറം(കെബിഎഫ്) പദ്ധതി തയ്യാറാക്കി. മാജിക് ടൂര്‍സുമായി സഹകരിച്ച് ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള അനുമതിക്ക് ശ്രമം ആരംഭിച്ചിട്ടുണ്ട്.

മാഹാമാരിയുടെ പ്രതിസന്ധി ആരംഭിച്ചപ്പോള്‍ മുതല്‍ കെബിഎഫ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി ശ്രമം ആരംഭിച്ചിരുന്നുവെന്ന് പ്രസിഡന്റ് കെ ആര്‍ ജയരാജ് പറഞ്ഞു. ഇതിനായി അജി കുര്യാക്കോസ്, സാബിത്ത് സഹീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ഉണ്ടാക്കിയിരുന്നു.

നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരില്‍ നിന്നാണ് കൂടുതല്‍ ആവശ്യമുയര്‍ന്നിട്ടുള്ളത്. അത്‌കൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ ഈ വിമാനത്താവളങ്ങളിലേക്കായിരിക്കും ശ്രദ്ധകൊടുക്കുക. ആവശ്യക്കാരുടെ എണ്ണത്തിന് അനുസരിച്ച് മറ്റു സംസ്ഥാനങ്ങളെയും പരിഗണിക്കുമെന്ന് കെബിഎഫ് ജനറല്‍ സെക്രട്ടറി ഷഹീന്‍ ഷാഫി പറഞ്ഞു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ടിക്കറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത നിരവധി പേരുണ്ട്. ഓരോ വിമാനത്തിലും ഇത്തരത്തിലുള്ള അഞ്ച്‌പേര്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കുമെന്ന് ജയരാജ് അറിയിച്ചു. ആകെ 10 ചാര്‍ട്ടേഡ് വിമാനങ്ങളാണ് കെബിഎഫ് പദ്ദതിയിടുന്നത്. ഇതുപ്രകാരം 50 പേര്‍ക്ക് സൗജന്യ ടിക്കറ്റ് ലഭിക്കും. ഇന്ത്യന്‍ എംബസിയുടെ റിലീഫ് ടിക്കറ്റുകള്‍ക്കായി ഈ തുക വിനിയോഗിക്കും.

കെബിഎഫ് അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓണ്‍ലൈന്‍ ലിങ്ക് തയ്യാറാക്കിയിട്ടുണ്ട്. താല്‍പര്യമുള്ള മറ്റുള്ളവര്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യാത്ര ചെയ്യാന്‍ നിയമപരമായ അനുമതിയുള്ളവര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളു. രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ട് മാത്രം ടിക്കറ്റ് ഉറപ്പാക്കാന്‍ ആവില്ലെന്നും ഇത് അധികൃതരുടെ അനുമതിക്ക് വിധേയമാണെന്നും കെബിഎഫ് ഭാരവാഹികള്‍ അറിയിച്ചു.

kerala business forum plans operate charter flights to kerala


 

Most Popular