തട്ടിക്കൊണ്ടു പോകപ്പെട്ട ഖത്തര്‍ വ്യവസായിയെ മോചിപ്പിച്ചു

qatar businessmen kidnapped

ദോഹ: നാട്ടില്‍ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയും തൂണേരി മുടവന്തേരി സ്വദേശിയുമായ ഖത്തറിലെ സൾഫർ കെമിക്കൽ കമ്പനി ഉടമ എം.ടി.കെ. അഹമ്മദിനെ മോചിപ്പിച്ചു. തട്ടിക്കൊണ്ടു പോയ ക്വട്ടേഷന്‍ സംഘം ഇന്ന് വൈകുന്നേരത്തോടെ അഹമ്മദിനെ വടകരയില്‍ കൊണ്ട് വന്ന് ഇറക്കി വിടുകയായിരുന്നുവെന്ന് ഖത്തറിലുള്ള സഹോദരന്‍ അഷ്‌റഫ് ഗള്‍ഫ് മലയാളിയോട് അറിയിച്ചു.

ശനിയാഴ്ച രാവിലെ 5.20 ഓടെയാണ് മുടവന്തേരിയിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകുന്ന വഴിയില്‍ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി അഹമ്മദിനെ ബലമായി കാറില്‍ പിടിച്ചു കയറ്റി തട്ടിക്കൊണ്ടുപോയത്. പോലിസ് ഇതുമായി ബന്ധപ്പെട്ട് ഏതാനും പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റിഡിയിലെടുത്തിരുന്നു. അന്വേഷണം ഊര്‍ജിതമാകുന്നതിനിടെയാണ് പ്രതികള്‍ തന്നെ അഹമ്മദിനെ മോചിപ്പിച്ചത്. സംഭവം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

അഹമ്മദിന്റെ മോചനവുമായി ബന്ധപ്പെട്ട് ഖത്തര്‍ ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഇന്ന് അഹമ്മദിന്റെ സഹോദരങ്ങളുമായി സംസാരിച്ചിരുന്നു. സംഭവത്തിന്റെ മുഴുവന്‍ വിവരങ്ങളും ഇന്ത്യന്‍ എംബസി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്ന് നാദാപുരത്ത് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചിരുന്നു. കെ മുരളീധരന്‍ എം പി അഹമ്മദിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തു.