Monday, April 12, 2021
Home News Kerala വിവാദമായി കെ ടി ജലീലിന്റെ പഴയ പ്രസംഗം; പുറത്തുവിട്ടത് ഖത്തര്‍ പ്രവാസിയുടെ യുട്യൂബ് ചാനല്‍

വിവാദമായി കെ ടി ജലീലിന്റെ പഴയ പ്രസംഗം; പുറത്തുവിട്ടത് ഖത്തര്‍ പ്രവാസിയുടെ യുട്യൂബ് ചാനല്‍

ദോഹ: മൂന്നര പതിറ്റാണ്ട് മുമ്പുള്ള കെ ടി ജലീലിന്റെ പ്രഭാഷണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. മലപ്പുറം പള്ളിക്കരയില്‍ 1987ല്‍ സി എച്ച് യൂത്ത് സെന്റര്‍ സംഘടിപ്പിച്ച ഈദ് സുഹൃദ് സമ്മേളനത്തില്‍ സംസാരിക്കുന്ന ജലീലിന്റെ വീഡിയോയാണ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എതിരാളികളും അനുയായികളും തമ്മിലുള്ള സോഷ്യല്‍ മീഡിയ ഏറ്റുമുട്ടലിലേക്ക് നയിക്കുന്നത്. എവിഎം ഉണ്ണി ആര്‍കൈവ്‌സ് എന്ന യുട്യൂബ് ചാനലാണ് വീഡിയോ പുറത്തുവിട്ടത്. ഖത്തറില്‍ ദീര്‍ഘകാല പ്രവാസിയായിരുന്ന എ വി എം ഉണ്ണിയുടെ പഴയ ശേഖരത്തിലുള്ളതാണ് വീഡിയോ.

സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള പ്രശസ്ത വ്യക്തികള്‍ അണിനിരന്ന വേദിയിലാണ് ജലീലിന്റെ പ്രസംഗം. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്ലാം മതത്തിന്റെ പ്രസക്തിയെ കുറിച്ചാണ് അരമണിക്കൂറില്‍ കൂടുതലുള്ള വീഡിയോയില്‍ ജലീല്‍ വാചാലനാവുന്നത്. കമ്യൂണിസം ഉള്‍പ്പെടെയുള്ള മതരഹിത ആശയങ്ങളെ തള്ളിപ്പറയുന്നതും എല്ലാ മതങ്ങളിലും ഇസ്ലാമിന്റെ വേരുകളുണ്ട് എന്ന് സമര്‍ഥിക്കുന്നതും കുടിയാണ് പ്രസംഗം.

സിപിഎം നേതാക്കളുടെ ഹിന്ദുത്വ അനുകൂല നിലപാടുകളെ ബാലന്‍സ് ചെയ്യാന്‍ സിപിഎമ്മിന്റെ ഒത്താശയോട് കൂടി ജലീല്‍ തന്നെ പുറത്തുവിട്ടതാണ് ഈ ക്ലിപ്പ് എന്നാണ് എതിരാളികള്‍ പറയുന്നത്. ജലീലിനെയും അതുവഴി സിപിഎമ്മിനെയും വെളുപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും അവര്‍ വാദിക്കുന്നു. അതേ സമയം, ജലീലിന്റെ ശത്രുക്കളാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നാണ് അനുയായികള്‍ പറയുന്നത്. ഇറാനും ഇറാഖും തമ്മിലുള്ള സമാധാന കരാറിനെ അഭിനന്ദിച്ചും അഫ്ഗാനില്‍ റഷ്യന്‍ ചെമ്പടയെ കെട്ടുകെട്ടിച്ച ധീര മുജാഹിദുകളെ പ്രകീര്‍ത്തിച്ചുമൊക്കെ ജലീല്‍ നടത്തിയ പ്രസംഗം അദ്ദേഹം ഒരു തീവ്ര ഇസ്ലാമിക നിലപാടുകാരനാണ് എന്ന് സമര്‍ഥിക്കാന്‍ ശത്രുക്കള്‍ പുറത്തുവിട്ടതാണ് എന്നതാണ് അനുയായികളുടെ ന്യായം. ജലീലിന്റെ പഴയ സിമി ബന്ധവും ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്നുണ്ട്.

ഖത്തറിലും നാട്ടിലും കലാസാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു എവിഎം ഉണ്ണി. തൃശൂര്‍ ജില്ലക്കാരനായ അദ്ദേഹം 1980 മുതല്‍ ഇങ്ങോട്ട് റെക്കോഡ് ചെയ്ത പ്രമുഖരുടെ അഭിമുഖങ്ങള്‍, ഹൃസ്വ സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി മറ്റ് കലാ, സാംസ്‌കാരിക, മത, രാഷ്ട്രീയ പരിപാടികളുടെ വീഡിയോ എന്നിവയാണ് എവിഎം ഉണ്ണി ആര്‍ക്കൈവ്‌സില്‍ സ്ട്രീം ചെയ്യുന്നത്. ഇതിന് മുമ്പ് മമ്മൂട്ടി, ജയറാം, ജഗതി, കലാഭവന്‍ മണി, ഉര്‍വശി തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങള്‍ ഇതേ യുട്യൂബ് ചാനല്‍ പുറത്തുവിടുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

 

Most Popular