Thursday, June 17, 2021
Home Gulf Qatar ലൈംഗിക പീഢനവും അടിമവേലയും; ഖത്തറില്‍ നടന്ന മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ലൈംഗിക പീഢനവും അടിമവേലയും; ഖത്തറില്‍ നടന്ന മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ദോഹ: ഖത്തറിലെ മനുഷ്യക്കടത്ത് കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി ഇരകളുടെ അഭിഭാഷക അസ്മ അല്‍ ഖറദാഗി. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ഭീകരമായ അടിമവല്‍ക്കരണ, പീഢന കേസാണ് ഇതെന്ന് അവര്‍ അല്‍ വതന്‍ പത്രത്തോട് പറഞ്ഞു.

രണ്ട് പാകിസ്താന്‍കാരാണ് കേസിലെ പ്രതികള്‍. വീട്ടുജോലിക്കെന്ന് പറഞ്ഞ് കൊണ്ടു വന്ന് പെണ്‍കുട്ടികളെ ശമ്പളം നല്‍കാതെ വിശ്രമമില്ലാതെ പണിയെടുപ്പിക്കുകയും ലൈംഗിക പീഢനത്തിനിരയാക്കുകയും ചെയ്തതായി കേസിന്റെ വിശദാംശങ്ങളില്‍ പറയുന്നു. ഖത്തറിലെ ഒരൂ വീട്ടില്‍ ബന്ധിയാക്കിയായിരുന്നു പീഢനം മുഴുവന്‍.

ധനാഢ്യനായ പ്രതികളിലൊരാള്‍ പെണ്‍കുട്ടികള്‍ക്ക് എട്ടും പത്തും വയസ്സുള്ളപ്പോള്‍ പാകിസ്താനില്‍ വച്ച് അവരെ വിലകൊടുത്ത് വാങ്ങി അടിമകളാക്കുകയായിരുന്നു. അന്ന് മുതല്‍ കൂലി നല്‍കാതെ യാതൊരു ദയയും കാണിക്കാതെയാണ് അവരെക്കൊണ്ട് പണിയെടുപ്പിച്ചത്. ബന്ധുവായ രണ്ടാം പ്രതിയുടെ സഹായത്തോടെ തനിക്കും കുടുംബത്തിനും വേണ്ടിയാണ് പെണ്‍കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചത്.

ഒരു വര്‍ഷത്തിന് ശേഷം ഒരു അയല്‍ രാജ്യത്ത് പണിയെടുപ്പിച്ച പെണ്‍കുട്ടികളെ പിന്നീട് ഖത്തറിലേക്കു കൊണ്ടുവരികയായിരുന്നു. വ്യാജരേഖകളുണ്ടാക്കിയാണ് പെണ്‍കുട്ടികളെ ഖത്തറിലെത്തിച്ചത്.

ഒരുവര്‍ഷം നീണ്ട ശാരീരിക, മാനസിക പീഢനങ്ങള്‍ക്കൊടുവിലാണ് അതേ വീട്ടില്‍ തന്നെ ജോലി ചെയ്തിരുന്ന മറ്റൊരാളുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുന്നത്. തുടര്‍ച്ചയായി ലൈംഗിക പീഢനത്തിനിരയായിരുന്ന പെണ്‍കുട്ടികളുടെ ശരീരത്തില്‍ നിറയെ മുറിവുകളുണ്ടായിരുന്നു. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. മനുഷ്യക്കടത്തിനെതിരായ ദേശീയ കമ്മിറ്റി കേസില്‍ സജീവമായി ഇടപെട്ടിരുന്നു. ഇരകളെ പലപ്പോഴും 15 ദിവസം വരെ പൂട്ടിയിട്ട് ലൈംഗികമായി പീഢിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇരകള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയ ശേഷം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഇരകളില്‍ നിന്നും സാക്ഷികളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ച മനുഷ്യക്കടത്ത് വിരുദ്ധ സമിതി അവര്‍ക്ക് വേണ്ടി അഭിഭാഷകയെ ഏര്‍പ്പെടുത്തിക്കൊടുത്തു. കേസില്‍ വാദംകേട്ട ക്രിമിനല്‍ കോടതി പ്രതികള്‍ക്ക് 10 വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചു. ഇരകള്‍ക്ക് 10 ലക്ഷം റിയാല്‍ വീതം നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചിരുന്നു. ശിക്ഷയ്ക്ക് ശേഷം പ്രതികളെ നാടുകടത്തും.
Lawyer reveals horrifying details in human trafficking case in Qatar


 

Most Popular