Sunday, June 20, 2021
Home Gulf Qatar ഖത്തറില്‍ തിങ്കളാഴ്ച്ച മുതല്‍ മസ്ജിദുകള്‍ തുറക്കും; ജുമുഅ പ്രാര്‍ഥന ആഗസ്ത് മുതല്‍

ഖത്തറില്‍ തിങ്കളാഴ്ച്ച മുതല്‍ മസ്ജിദുകള്‍ തുറക്കും; ജുമുഅ പ്രാര്‍ഥന ആഗസ്ത് മുതല്‍

ദോഹ: ജൂണ്‍ 15 മുതല്‍ രാജ്യത്തെ നിശ്ചിത മസ്ജിദുകള്‍ നിയന്ത്രണങ്ങളോട് കൂടി തുറക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. മസ്ജിദുകള്‍ തുറക്കുമെങ്കിലും ആദ്യ ഘട്ടത്തില്‍ ജുമുഅ പ്രാര്‍ഥന ഉണ്ടാവില്ല. ഏതൊക്കെ മസ്ജിദുകളാണ് തുറക്കുക എന്നത് പിന്നീട് പ്രഖ്യാപിക്കും.

ആഗസ്തില്‍ ആരംഭിക്കുന്ന മൂന്നാംഘട്ടത്തില്‍ രാജ്യത്തെ 54 മസ്ജിദുകളില്‍ ജുമുഅ പ്രാര്‍ഥന അനുവദിക്കും. സപ്തംബറില്‍ ആരംഭിക്കുന്ന നാലാംഘട്ടത്തിലാണ് മസ്ജിദുകള്‍ തുറക്കുന്നത് പൂര്‍ണമാവുക.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, മസ്ജിദുകളിലെ കുളിമുറികളും അംഗശുദ്ധി സൗകര്യവും അടച്ചിടും. പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തേണ്ടിവരും. ബാങ്ക് വിളിയുടെ സമയത്ത് മാത്രമേ മസ്ജിദുകള്‍ തുറക്കൂ എന്നതിനാല്‍ വിശ്വാസികള്‍ നേരത്തേ എത്താന്‍ ശ്രമിക്കരുത്. മസ്ജിദിന് അകത്ത് രണ്ട് മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കണം.

കൈയുറ ധരിച്ചിട്ടുണ്ടെങ്കിലും ഹസ്തദാനം പാടില്ല. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മുഖവും മറയ്ക്കണം. മസ്ജിദില്‍ പ്രവേശിക്കും മുമ്പ് ഇഹ്തിറാസ് ആപ്പ് കാണിക്കണം. പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ മുസല്ല(പ്രാര്‍ഥനാ വിരിപ്പ്) കൊണ്ടുവരണം. ഇതു മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ മസ്ജിദിന് അകത്ത് ഉപേക്ഷിച്ചു പോകാനോ പാടില്ല. ഖുര്‍ആന്‍ പാരായണം ആഗ്രഹിക്കുന്നവര്‍ സ്വന്തമായി മുസ്ഹഫുകള്‍ കൊണ്ടുവരണം. ഇത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ മൊബൈലില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനോ പാടില്ല.

Limited opening of mosques from June 15 with special precautionary measures: Awqaf


 

Most Popular