Saturday, May 15, 2021
Home Gulf Qatar ഖത്തര്‍ ലോക കപ്പില്‍ മെസ്സി ഇറങ്ങും; ആവേശത്തില്‍ ആരാധകര്‍

ഖത്തര്‍ ലോക കപ്പില്‍ മെസ്സി ഇറങ്ങും; ആവേശത്തില്‍ ആരാധകര്‍

ബാഴ്സലോണ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പില്‍ ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ പ്രതിഭകളില്‍ ഒരാളയ ലയണല്‍ മെസ്സി ഇറങ്ങുമോ. അര്‍ജന്റീനന്‍ ആരാധകര്‍ മാത്രമല്ല ഫുട്‌ബോളിന്റെ മനോഹാരിത ആസ്വദിക്കുന്നവര്‍ മുഴുവന്‍ ഉറ്റുനോക്കുന്ന കാര്യമാണത്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നീ ഫുട്ബോള്‍ ഇതിഹാസങ്ങളുടെ അവസാന ലോകകപ്പായിരിക്കും ഇതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ 2022ലെ ലോകകപ്പിന് മുമ്പ് മെസ്സി വിരമിക്കുമെന്ന തരത്തിലുള്ള അഭ്യൂങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാഴ്സലോണയിലെ മുന്‍ സഹതാരമായിരുന്ന സാവി ഹെര്‍ണാണ്ടസ്. 2022ലെ ഖത്തര്‍ ലോകകപ്പിന് മുമ്പ് മെസ്സി വിരമിക്കില്ലെന്നും അദ്ദേഹം അര്‍ജന്റീനയ്ക്കായി ഇറങ്ങുമെന്നുമാണ് സാവി വ്യക്തമാക്കിയത്. ആറ് തവണ ബാലന്‍ദ്യോര്‍ പുരസ്‌കാരം നേടിയ നിരവധി മറ്റ് പുരസ്‌കാരങ്ങളും സ്വന്തമാക്കിയ മെസ്സിക്ക് ഇതുവരെ ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല. ഇതിന് ഖത്തറില്‍ പരിഹാരം കാണാന്‍ മെസ്സിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇത്തവണത്തെ ലാലിഗ കിരീടം ബാഴ്സലോണയ്ക്ക് നഷ്ടമായെങ്കിലും ഏഴാം സ്വര്‍ണബൂട്ടുമായി മെസ്സി റെക്കോഡിട്ടിരുന്നു. കൂടാതെ 22 അസിസ്റ്റുമായി കൂടുതല്‍ അസിസ്റ്റിന്റെ റെക്കോഡും മെസ്സി സ്വന്തമാക്കിയിരുന്നു. പ്രായമാണ് മെസ്സിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ സീസണിന്റെ തുടക്കത്തില്‍ പരിക്കിനെത്തുടര്‍ന്ന് വൈകിയാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്. ലോകകപ്പിനായി രണ്ട് കൊല്ലംകൂടി ശേഷിക്കെ മെസ്സിക്ക് പൂര്‍ണ്ണ കായികക്ഷമതയോടെ കാത്തിരിക്കാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം. നേരത്തെ ഈ സീസണോടെ മെസ്സി ബാഴ്സലോണ വിടുമെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാല്‍ മെസ്സി ബാഴ്സലോണയില്‍ത്തന്നെ തുടരുമെന്നും അദ്ദേഹം ബാഴ്സലോണയിലൂടെത്തന്നെ വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ബാഴ്സലോണ ക്ലബ്ബ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ 2021വരെയാണ് ബാഴ്സലോണയുമായി മെസ്സിക്ക് കരാറുള്ളത്. സാവി ബാഴ്സലോണ പരിശീലകനായെത്തുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

Most Popular