Tuesday, July 27, 2021
Home Newsfeed യാത്രക്കാരന്റെ നഷ്ടപ്പെട്ട ബാഗ് ദോഹ വിമാനത്താവളത്തില്‍ തന്നെയുണ്ട്

യാത്രക്കാരന്റെ നഷ്ടപ്പെട്ട ബാഗ് ദോഹ വിമാനത്താവളത്തില്‍ തന്നെയുണ്ട്

ദോഹ: ഖത്തറിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ ലഗേജുകള്‍ പരസ്പരം മാറിയത് മൂലം നഷ്ടപ്പെട്ട ബാഗ് ഹമദ് വിമാനത്താവളത്തിലുണ്ട്. ദോഹ സെഞ്ചുറി ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുന്ന ഫൈസല്‍ എന്ന യാത്രക്കാരന്റേയും കണ്ണൂര്‍ സ്വദേശി എടത്തില്‍ മഹമൂദ് എന്ന യാത്രക്കാരന്റേയും ലഗേജുകളാണ് പരസ്പരം മാറിയത്. ഗള്‍ഫ് മലയാളി വാര്‍ത്ത കണ്ട് റഊഫിന്റെ ബന്ധു ഫൈസലിനെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ വ്യക്തമായത്.

ഒരേ രൂപത്തിലും നിറത്തിലുമുള്ള ബാഗ് ആയതിനാല്‍ ഫൈസലാണ് ബാഗ് മാറിയെടുത്തത്. തന്റെ ബാഗ് വേറെ ആരോ മാറിയെടുത്തതായി എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ റഊഫിന് വ്യക്തമായതിനെ തുടര്‍ന്ന് അദ്ദേഹം ഫൈസലിന്റെ ബാഗ് എയര്‍പോര്‍ട്ട് അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍, ഫൈസല്‍ ആവട്ടെ ഹോട്ടലില്‍ എത്തി ബാഗിന്റെ പൂട്ട് തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് മാറിയ വിവരം മനസ്സിലാവുന്നത്. തുടര്‍ന്ന് കമ്പനി പിആര്‍ഒയെ ഉപയോഗിച്ച് ഇന്‍ഡിഗോയില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഇന്‍ഡിഗോ അധികൃതര്‍ക്ക് സ്വന്തം ബാഗിന്റെ വിവരങ്ങള്‍ക്ക് പകരം മാറിക്കിട്ടിയ റഊഫിന്റെ ബാഗിന്റെ വിവരങ്ങളാണ് നല്‍കിയത് എന്നതിനാല്‍ ആശയക്കുഴപ്പം തുടരുകയായിരുന്നു.

അതേ സമയം, തന്റെ ബാഗ് തിരിച്ച് കിട്ടുന്നതിന് റഊഫ് സെഞ്ചുറി ഹോട്ടലില്‍ ബന്ധപ്പെട്ടെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റീന്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് ബാഗ് പുറത്തേക്ക് നല്‍കാനാവില്ലെന്നാണ് അറിയിച്ചത്.

ഈ മാസം പതിനൊന്നിന് കണ്ണൂരില്‍ നിന്നും ദോഹയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്തത്.

Most Popular