Monday, September 27, 2021
Home Gulf Qatar ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി (വീഡിയോ)

ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി (വീഡിയോ)

ദോഹ: ഖത്തറിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മേളയായ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. അല്‍ ഗറാഫ ലുലു ബ്രാഞ്ചില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ മേള ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ്, മന്ത്രാലയങ്ങളിലെയും ഖത്തര്‍ ചേംബറിലെയും പ്രമുഖരും സംബന്ധിച്ചു. ഇന്ത്യയുടെ തനത് ഭക്ഷ്യ വിഭവങ്ങള്‍, സുഗന്ധ വ്യഞ്ജന വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ വിലക്കുറവില്‍ ലഭിക്കുന്ന മേളയാണ് ഇന്ത്യ ഫെസ്റ്റ്. ഇന്ത്യ 72ാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഖത്തറിലെ മുഴുവന്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലുമായി ഗംഭീരമായാണ് മേള സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം, പൈതൃകം, പാരമ്പര്യം, ഭക്ഷണ ശീലങ്ങള്‍ എന്നിവ ആഘോഷിക്കുന്ന ഫെസ്റ്റിവല്‍ ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി, ഇന്ത്യന്‍ സില്‍ക്ക് എക്‌സ്‌പോര്‍ട്ട് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിക്കാറുണ്ട്. ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങളും ഫാഷനും ഖത്തരി സമൂഹത്തിന് മുന്നില്‍ എത്തിക്കാന്‍ മേള സഹായകമാവുമെന്ന് ഇന്ത്യന്‍ അംബസാഡര്‍ ദീപക് മിത്തല്‍ പറഞ്ഞു. ഫ്രഷ് ഫ്രൂട്ട്‌സ്, വെജിറ്റബിള്‍സ്, മാസം, പാക്കറ്റ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍, അടുക്കളയില്‍ ആവശ്യമായ വസ്തുക്കള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ തുടങ്ങിയ 10,000ഓളം ഉല്‍പ്പന്നങ്ങളാണ് മേളയ്ക്കായി എത്തിച്ചിരിക്കുന്നത്. പ്രമോഷന്‍ കാലയളവില്‍ ബിരിയാണി മുതല്‍ കറികള്‍ വരെയും, സ്ട്രീറ്റ് ഫുഡ്, പരമ്പരാഗത മധുര പലഹാരങ്ങള്‍ തുടങ്ങിയ നാവില്‍ വെള്ളമൂറുന്ന നിരവധി വിഭവങ്ങള്‍ ഹോട്ട് ഫുഡ് വിഭാഗത്തില്‍ നിന്ന് ലഭിക്കും.

ഇന്ത്യന്‍ ഓര്‍ഗാനിക് വിഭവങ്ങളുടെ വലിയ നിരയ തന്നെ മേളയിലുണ്ടെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ച പ്രമുഖ ഇന്റര്‍നാഷനല്‍ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും ഇന്ത്യ ഫെസ്റ്റിലുണ്ട്. ജിസിസിയില്‍ ഉടനീളം വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് സമാനമായ മേള സംഘടിപ്പിക്കുന്നുണ്ടെന്ന് അല്‍ത്താഫ് അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്ത സംഗീത മേളയും അരങ്ങേറി. സാരീ വിഭാഗത്തില്‍ ഇന്ത്യന്‍ സില്‍ക്ക് ആന്റ് എത്‌നിക്ക് വെയര്‍ ഫെസ്റ്റിവല്‍ ഇന്ത്യന്‍ അംബാസഡറുടെ പത്‌നി ഡോ. അല്‍പ്പന മിത്തല്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഇനം റീയുസബിള്‍ ചണ സഞ്ചി ചടങ്ങില്‍ അംബാസഡര്‍ പുറത്തിറക്കി. ഇന്ത്യ ഫെസ്റ്റ് ഈ മാസം 31ന് അവസാനിക്കും.

Most Popular