Monday, September 27, 2021
Home Gulf Qatar ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടിയപ്പോള്‍ വീണ്ടും ചെറിയ പെരുന്നാള്‍ വന്ന സന്തോഷം; കോവിഡിനെ തോല്‍പ്പിച്ച ഖത്തറിലെ...

ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടിയപ്പോള്‍ വീണ്ടും ചെറിയ പെരുന്നാള്‍ വന്ന സന്തോഷം; കോവിഡിനെ തോല്‍പ്പിച്ച ഖത്തറിലെ മലയാളി കുടുംബത്തിന്റെ അനുഭവം ഇങ്ങനെ

ദോഹ: 24 ദിവസത്തെ ആശുപത്രി വാസത്തിനും ക്വാരന്റീനും ശേഷം ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോള്‍ അവര്‍ നന്ദി പറഞ്ഞു; പ്രപഞ്ചനാഥനും ഒപ്പം ഖത്തര്‍ സര്‍ക്കാരിനും. കോഴിക്കോട് ചെറുവാടി സ്വദേശി അസീസ് പുറായിലും ഭാര്യ ഷഹാനയും കുടുംബവുമാണ് അപൂര്‍വ അനുഭവത്തിനു ശേഷം ദോഹ അസീസിയയിലെ വില്ലയിലേക്ക് മടങ്ങിയത്

ആരംഭ ദിനങ്ങളിലെ ശരീരവേദനകള്‍ക്കും, പനിക്കും, ചുമക്കും, നെഞ്ച് വേദനക്കും, ചെറിയ ശ്വാസ തടസ്സങ്ങള്‍ക്കും ശേഷം കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത കുറച്ച് ദിവസങ്ങള്‍. അവസാനം ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടിയപ്പോ ചെറിയ പെരുന്നാള്‍ ഒന്നൂടെ വന്ന സന്തോഷമെന്നായിരുന്നു രോഗത്തെക്കുറിച്ച് ഷഹാനയുടെ പ്രതികരണം.

17 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന് ശേഷം അവസാനത്തെ മൂന്ന് പിസിആര്‍ പരിശോധനകളും നെഗറ്റീവ് ആയതോടെയാണ് ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ കമ്പനി ജീവനക്കാരനായ അസീസും ഫാര്‍മസി ജീവനക്കാരിയായ ഭാര്യ ഷഹാന ഇല്യാസും മക്കളായ 12 വയസുകാരി ഇസയും 9 വയസുകാരന്‍ സമാനും 5 വയസുകാരനായ മിഷാലും ഹോട്ടല്‍ ക്വാറന്റീനില്‍ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങി എത്തിയത്.

ആദ്യം ഷഹാനയ്ക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ശരീര വേദനയും പനിയും ഛര്‍ദ്ദിക്കാനുള്ള പ്രവണതയുമായിരുന്നു തുടക്കം. ജോലിതിരക്കിനിടെ സാധാരണമാണെന്ന് ആദ്യം കരുതി. ചെറിയ നെഞ്ചു വേദനയും ചുമയും ശ്വാസം മുട്ടലും ഒക്കെ അനുഭവപ്പെട്ടതോടെ കുടുംബ സമേതം പരിശോധനക്ക് വിധേയരായി. ഫലം വന്നപ്പോള്‍ ഇളയ മകന്‍ മിഷാല്‍ ഒഴികെ എല്ലാവരും പോസിറ്റീവ്.

രണ്ടു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുടുംബത്തെ ഹോട്ടല്‍ ക്വാരന്റീനിലേക്കു മാറ്റി. രോഗമില്ലെങ്കിലും മിഷാലിനെയും ഒപ്പം കൂട്ടി. ഹോട്ടലില്‍ മിഷാലിന് രോഗം പകരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. വൈദ്യസഹായത്തോടൊപ്പം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മുറി. അസീസിന് തലവേദനയും പനിയുമായിരുന്നു ലക്ഷണങ്ങള്‍. ഇസക്കും സമാനും സാരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.

രോഗത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോട് ഷഹാനയ്ക്ക് പറയാനുള്ളത്

രോഗം വന്നിട്ടും ഹോം ഐസോലേഷനില്‍ കഴിയുന്നവരില്‍ പലരും ഭീതിയോടെ വിളിക്കുന്നുണ്ട്. അവരുടെ അറിവിലേക്ക് വേണ്ടി പറയട്ടെ. കൊവിഡ് 19 എന്ന വൈറസിന് ലോകത്ത് എവിടെയും പ്രത്യേക മരുന്നില്ല. എല്ലായിടത്തും രോഗ ലക്ഷണങ്ങള്‍ക്ക് ആണ് ചികിത്സ നല്‍കുന്നത്. വീട്ടിലായാലും ഹോസ്പിറ്റലിലായാലും സര്‍ക്കാര്‍ ക്വാറനീലാണെങ്കിലും രോഗ ലക്ഷണം ഉണ്ടെങ്കില്‍ മാത്രം ചികില്‍സ മതി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ചെസ്റ്റ് ഇന്‍ഫെക്ഷന്‍ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന എനിക്ക് മാത്രം ആന്റിബയോട്ടിക് ട്രീറ്റ്‌മെന്റ് ഉണ്ടായിരുന്നുള്ളൂ. ബാക്കി ഉള്ളവര്‍ക്ക് പനിയോ, തലവേദനയോ, ശരീര വേദനയോ ഉള്ളപ്പോള്‍ പാരസെറ്റമോള്‍ കഴിക്കാനും, ചുമ ഉണ്ടെങ്കില്‍ കഫ് സിറപ് കഴിക്കാനും, വയറിളക്കം ഉണ്ടെങ്കില്‍ ഒആര്‍എസ് ലായനിയോ, ഡീഹൈഡ്രെഷന്‍ തടയുന്ന മറ്റെന്തെങ്കിലും പാനീയങ്ങളോ കഴിക്കാനും ഉള്ള നിര്‍ദേശങ്ങളും, അത്തരം രണ്ടോ മൂന്നോ മരുന്നുകളോ മാത്രം ആണ് ചികിത്സയുടെ ഭാഗമായി ലഭിച്ചത്.

വീട്ടില്‍ ഐസോലേഷനില്‍ ഇരിക്കുന്നവര്‍ ഇത്തരം എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഇത്തരം മരുന്നുകള്‍ കഴിക്കുക. അല്ലാത്ത പക്ഷം നല്ല വിശ്രമവും, നല്ല ഭക്ഷണവും ആണ് കോവിഡിന്റെ മരുന്ന്. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കരിം ജീരകം, ഇഞ്ചി അല്ലെങ്കില്‍ ചുക്ക്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങ ഇവ ഒക്കെ ദിവസവും അല്പം കഴിക്കുന്നത് നല്ലതായിരിക്കും.

മാസ്‌ക്കും ഗ്ലൗസും ഉണ്ടെങ്കിലും അശ്രദ്ധ അപകടമുണ്ടാക്കും
മാസ്‌കും, ഗ്ലൗസും, സാനിറ്റൈസറും ഉണ്ടെങ്കിലും ചെറിയ അശ്രദ്ധ മതി രോഗം പകര്‍ത്തുമെന്ന് ഷഹാന സാക്ഷ്യപ്പെടുത്തുന്നു. എനിക്ക് മാസ്‌ക് ഇട്ടാല്‍ അലര്‍ജി മൂലം കണ്ണ് വല്ലാതെ ചൊറിയുന്ന ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ജോലിക്കിടയിലെ ഏതോ തിരക്കിനിടയില്‍ അറിയാതെ കണ്ണില്‍ തൊട്ടത് ആവാം രോഗംവരാന്‍ കാരണം എന്ന് വിശ്വസിക്കുന്നു. പലരും മാസ്‌ക് ഇടക്ക് കൈകൊണ്ട് നേരെ ആക്കുന്നതും, കൈ കൊണ്ട് അലക്ഷ്യമായി മുഖത്ത് തൊടുന്നതും കാണുന്നുണ്ട്. ഇത് അപകടം സൃഷ്ടിക്കുമെന്ന് ഷഹാന മുന്നറിയിപ്പ് നല്‍കുന്നു.

എല്ലാം നല്ലതിന്; ദൈവത്തിന് സ്തുതി
തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് ഉള്ള ഓട്ടപ്പാച്ചിലിനിടക്ക് കുറച്ച് വിശ്രമിക്കാനും, മക്കളുടെ കൂടെ സമയം ചിലവഴിക്കാനും, പുണ്യ മാസത്തില്‍ കൂടുതല്‍ ആരാധന കര്‍മങ്ങളില്‍ ശ്രദ്ധിക്കാനും, ചുറ്റുമുള്ളവരുടെ ബുദ്ധിമുട്ടുകള്‍ കൂടുതല്‍ നന്നായി മനസിലാക്കാനും സര്‍വ്വ ശക്തന്‍ നല്‍കിയ ഒരു അവസരം ആയി ഈ കൊറോണ കാലത്തെ കാണുന്നു.

Most Popular