Sunday, April 11, 2021
Home Gulf Qatar ഖത്തറിലെ നിരവധി ഇന്ത്യന്‍ സ്‌കൂളുകള്‍ വേനലവധി കുറയ്ക്കും; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

ഖത്തറിലെ നിരവധി ഇന്ത്യന്‍ സ്‌കൂളുകള്‍ വേനലവധി കുറയ്ക്കും; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

ദോഹ: രക്ഷിതാക്കളുടെയും സ്‌കൂളുകളുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് വേനലവധി കുറയ്ക്കാന്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. ഇതിന് പകരം വിന്റര്‍ അവധി കൂട്ടി അധ്യയന കലണ്ടറില്‍ മാറ്റം വരുത്താനും മന്ത്രാലയം അനുമതി നല്‍കി.

ബിര്‍ള പബ്ലിക് സ്‌കൂള്‍, എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, രാജഗിരി പബ്ലിക് സ്‌കൂള്‍ എന്നിവ ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനം ജൂലൈ 29വരെ തുടരാനാണ് സ്‌കൂളുകളുടെ തീരുമാനം. ജൂണ്‍ മൂന്നാം വാരം അവസാനിച്ച് അഗസ്ത് അവസാന വാരമാണ് സാധാരണ ഗതിയില്‍ വേനലവധി. ഇത് കുറയ്ക്കാനാണ് തീരുമാനം.

പുതിയ ഷെഡ്യൂള്‍ പ്രകാരം വേനലവധി ജൂലൈ 30ന് ആരംഭിച്ച് ആഗസ്ത് 31ന് അവസാനിക്കും. സപ്തംബര്‍ 1 മുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ റീജോയിന്‍ ചെയ്യണം. സാധാരണ ഗതിയില്‍ ഡിസംബര്‍ അവസാന വാരം 10 ദിവസം മാത്രം ലഭിക്കുന്ന വിന്റര്‍ അവധി ഡിസംബര്‍ 3ന് ആരംഭിച്ച് 2021 ജനുവരി 2ന് അവസാനിക്കും.

ബിര്‍ള, രാജഗിരി, ഒലിവ് ഇന്റര്‍നാഷനല്‍, പേള്‍ ഉള്‍പ്പെടെയുള്ള ഖത്തറിലെ പല ഇന്ത്യന്‍ സ്‌കൂളുകളും വേനലവധി കുറയ്ക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം തേടിയിരുന്നു. ഭൂരിഭാഗവും ഇതിനെ അനുകൂലിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

Many Indian schools in Qatar to take shorter summer break; online classes to continue


 

Most Popular