Monday, May 10, 2021
Home Newsfeed റമദാന്‍ തലേന്ന് ഖത്തര്‍ വിപണിയില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്; വിപണിയില്‍ 12 ഇനം ഈത്തപ്പഴങ്ങള്‍

റമദാന്‍ തലേന്ന് ഖത്തര്‍ വിപണിയില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്; വിപണിയില്‍ 12 ഇനം ഈത്തപ്പഴങ്ങള്‍

ദോഹ: ഇന്ന് റമദാന്‍ ആരംഭിക്കുമെന്ന ഖത്തര്‍ ഔഖാഫിന്റെ ഔദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെ രാജ്യത്തിന്റെ പ്രധാന വിപണിയില്‍ അനുഭവപ്പെട്ടത് വന്‍തിരക്ക്. റമദാനുമായി ബന്ധപ്പെട്ട വിവിധ ഓഫറുകള്‍ പ്രഖ്യാപിക്കുമെന്നതിനാല്‍ അവസാന നിമിഷങ്ങളിലാണ് ആളുകള്‍ ഒരുമിച്ച് സാധനങ്ങള്‍ വാങ്ങാനെത്തിയത്. വെള്ളി, ശനി ദിവസങ്ങള്‍ സൂഖുകള്‍ അവധിയായതും തിരക്ക് വര്‍ധിക്കാനിടയാക്കി. ഈത്തപ്പഴം, വിവിധയിനം പഴങ്ങള്‍, നട്ട്‌സ് തുടങ്ങിയവയാണ് ഏറ്റവുമധികം വിറ്റുപോയത്.

റമദാനില്‍ 650 ഇനങ്ങള്‍ക്ക് ഖത്തര്‍ വാണിജ്യ മന്ത്രാലയം വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. മന്ത്രാലയം വിപണിയില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതിനാല്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് ജനങ്ങള്‍ക്കു ലഭ്യമായി.

പന്ത്രണ്ടിലധികം ഇനം ഈത്തപ്പഴങ്ങള്‍ ഖത്തര്‍ വിപണിയില്‍ ലഭ്യമാണ്. പ്രാദേശിക ഇനമായ അല്‍ ഖലസിന് തന്നെയാണ് ഏറ്റവും ഡിമാന്‍ഡ്. സൂഖ് വാഖിഫില്‍ ഹോള്‍സെയില്‍ വിലയിലാണ് ഈത്തപ്പഴം വില്‍ക്കുന്നത്. 8 കിലോഗ്രാമിന്റെ ബോക്‌സിന് 150 റിയാലിലാണ് തുടങ്ങുന്നത്. മറ്റിടങ്ങളില്‍ ഇത് 200 റിയാല്‍ വരെയാണ്. ജോര്‍ദാനില്‍ നിന്നുള്ള വലിയ ഇനം മെദ്ജൂല്‍ ഈത്തപ്പഴത്തിന് കിലോ 70 റിയാലാണ് വില. മീഡിയത്തിന് 40 റിയാലും.

മബ്‌റൂം, പിയാറോം 50 റിയാല്‍, അജ്വ 70 റിയാല്‍, ഇറാന്റെ സഹീദി 8 റിയാല്‍, പാക്‌സ്താനില്‍ നിന്നുള്ള ഡ്രൈ ഈത്തപ്പഴം 12 റിയാല്‍ എന്നിങ്ങനെയാണ് വില. കോവിഡ് നിയന്ത്രണം കാരണം സൂഖുകള്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ വാണിജ്യ കേന്ദ്രങ്ങളില്‍ 30 ശതമാനം പേരേ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 16 വയസ്സിന് താഴെയുള്ള കുട്ടികളെ മാളുകളിലും സൂഖുകളിലും പ്രവേശിപ്പിച്ചില്ല. വെള്ളിയും, ശനിയും അവധിയാണ്.

അതേസമയം, പലരും ഓര്‍ഡര്‍ ചെയ്ത് വീട്ടിലേക്ക് സാധനങ്ങള്‍ വരുത്തിയതിനാല്‍ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാനായെന്ന് സൂഖ് വാഖിഫിലെ ഒരു ഷോപ്പുടമ പറഞ്ഞു.
ALSO WATCH

Most Popular