Sunday, July 25, 2021
Home Special Monday Match 2022ല്‍ ഞങ്ങള്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തും; മറൂണുകള്‍ കോണ്‍കാഫ് പരിശീലനക്കളരിയില്‍

2022ല്‍ ഞങ്ങള്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തും; മറൂണുകള്‍ കോണ്‍കാഫ് പരിശീലനക്കളരിയില്‍

ദോഹ: 2022 ലോക കപ്പിന് കേവലം 16 മാസം ബാക്കിയിരിക്കേ ഖത്തര്‍ ടീം തീവ്രപരിശീലനത്തിലേക്ക്. ഈ മാസം കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ ആദ്യമായി പങ്കെടുക്കുന്നത് ലോക കപ്പിലേക്കുള്ള ഖത്തര്‍ ടീമിന്റെ യാത്രയ്ക്ക് കരുത്ത് പകരും.

സ്പാനിഷ് കോച്ച് ഫെലിക്‌സ് സാഞ്ചസിന്റെ നേതൃത്വത്തില്‍ മറൂണുകള്‍ വലിയ ദൂരമാണ് ഇതിനകം താണ്ടിയത്. 2019ല്‍ ആദ്യമായി ഏഷ്യന്‍ കപ്പ് ചാംപ്യന്മാരായാണ് ഖത്തര്‍ ലോക കപ്പിലേക്ക് ഒരുങ്ങുന്നത്.

അതിന് ശേഷം നിരവധി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഖത്തര്‍ മാറ്റുരച്ചു. 2019 ലെ കോപ്പ അമേരിക്കയില്‍ അതിഥി ടീമായി ഖത്തര്‍ പങ്കെടുത്തിരുന്നു. യുവേഫയുടെ ഫിഫ വേള്‍ഡ് കപ്പ് യോഗ്യതാ മല്‍സരങ്ങളുടെ ഭാഗമായി പ്രത്യേക ക്ഷണപ്രകാരം നിരവധി യൂറോപ്യന്‍ ടീമുകളുമായും ഖത്തര്‍ കൊമ്പുകോര്‍ത്തു.

കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ നോര്‍ത്ത്, സെന്‍ട്രല്‍ അഫ്രിക്ക, കരീബിയന്‍ മേഖലയിലെ മികച്ച ടീമുകളാണ് ഖത്തറിന്റെ അടുത്ത ലക്ഷ്യം. ജൂലൈ 10 മുതല്‍ ആഗസ്ത് 1 വരെ അമേരിക്കയിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. കോണ്‍കകാഫുമായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സഹകരണ കരാര്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് ടീം ഇതിലേക്ക് ക്ഷണിക്കപ്പെട്ടത്.

ഗ്രാനഡ, ഹോണ്ടുറാസ്, പനാമ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്കാണ് ഖത്തര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 2018ലെ റഷ്യന്‍ ലോക കപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പനാമയാണ് ഖത്തറിന്റെ ആദ്യ എതിരാളി. ജൂലൈ 14ന് ഖത്തര്‍ സമയം 2 മണിക്ക് ടെക്‌സസിലെ ഹൂസ്റ്റണിലാണ് മല്‍സരം.

വ്യത്യസ്ത കളിശൈലികളുള്ള ടീമുകളുമായി ഏറ്റുമുട്ടാനും കൂടുതല്‍ ടെക്‌നിക്കുകള്‍ കരസ്ഥമാക്കാനുമുള്ള അവസരമാണ് ഗോള്‍ഡ് കപ്പിലൂടെ ലഭിക്കുന്നതെന്ന് ആസ്പയര്‍ സോണിലെ പരിശീലനത്തിനിടെ കോച്ച് സാഞ്ചസ് പറഞ്ഞു.

ലോക കപ്പില്‍ ഏത് ഘട്ടം വരെ നമുക്ക് എത്താന്‍ പറ്റുമെന്നത് പ്രവചനാതീതമാണെന്ന് ഖത്തര്‍ ഡിഫന്‍ഡര്‍ അബ്ദുല്‍ കരീം ഹസന്‍ പറഞ്ഞു. മുന്‍ ടൂര്‍ണമെന്റുകളില്‍ വമ്പന്‍ ടീമുകള്‍ തുടക്കത്തില്‍ തന്നെ പുറത്താവുകയും ചെറിയ ടീമുകള്‍ അവസാനഘട്ടത്തിലെത്തുകയും ചെയ്ത ചരിത്രമുണ്ട്. ലോക കപ്പില്‍ എല്ലാവരെയും അമ്പരപ്പിക്കാനാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അസാധ്യമായി ഒന്നുമില്ല- ഹസന്‍ പറഞ്ഞു.
ALSO WATCH

Most Popular