Tuesday, September 21, 2021
Home Gulf Qatar മെസ്സി ഇനി ഖത്തറിന്റെ ക്ലബ്ബിന് സ്വന്തം; നെയ്മറിനൊപ്പം പന്ത് തട്ടും

മെസ്സി ഇനി ഖത്തറിന്റെ ക്ലബ്ബിന് സ്വന്തം; നെയ്മറിനൊപ്പം പന്ത് തട്ടും

പാരിസ്: സ്പാനിഷ് ക്ലബ് ബാഴ്‌സലോണ വിട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സി ഖത്തര്‍ അമീറിന്റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ ചേര്‍ന്നു. കരാറിന്റെ അന്തിമ നടപടികള്‍ക്കായി മെസ്സി ഫ്രാന്‍സിലെത്തി.

രണ്ടു വര്‍ഷത്തെ കരാറിലാണ് മുപ്പത്തിനാലുകാരനായ മെസ്സി പിഎസ്ജിയിലെത്തിയത്. ആവശ്യമെങ്കില്‍ കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാനുള്ള വ്യവസ്ഥയുമുണ്ട്. ഇതോടെ, ബാഴ്‌സലോണയില്‍ സഹതാരവും അടുത്ത സുഹൃത്തുമായ ബ്രസീല്‍ താരം നെയ്മര്‍, ബാഴ്‌സയുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡില്‍ കളിച്ചിരുന്ന സ്പാനിഷ് താരം സെര്‍ജിയോ റാമോസ്, പുതു തലമുറയിലെ സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ, അര്‍ജന്റീന ടീമില്‍ സഹതാരമായ എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ക്കൊപ്പം മെസ്സി ഈ സീസണില്‍ പന്തു തട്ടും.
Messi with wifeഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ എത്തിയ സൂപ്പര്‍ താരത്തെ വരവേല്‍ക്കാന്‍ നൂറുകണക്കിന് ആരാധകരാണ് എയര്‍പോര്‍ട്ടിലെത്തിയത്. മെസ്സി, മെസ്സി എന്ന് ആര്‍പ്പ് വിളിച്ചാണ് അവര്‍ താരത്തെ വരവേറ്റത്. കരാറിന്റെ വിശദാംശങ്ങള്‍ മെസ്സി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

21 വര്‍ഷമായി ബാഴ്‌സലോണയ്ക്കായി കളിക്കുന്ന ലയണല്‍ മെസ്സി, അപ്രതീക്ഷിതമായാണ് ടീം വിട്ടത്. ഈ വര്‍ഷം ബാഴ്‌സയില്‍ തുടരാന്‍ പ്രതിഫലം പകുതിയാക്കി കുറയ്ക്കാന്‍ മെസ്സി തയാറായെങ്കിലും, ലാ ലിഗയിലെ സാമ്പത്തിക ചട്ടങ്ങള്‍ തിരിച്ചടിയായി.

പിഎസ്ജി പത്തോളം താരങ്ങളെ വില്‍ക്കും

മെസ്സി ടീമിലെത്തിയതിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പിഎസ്ജി പ്രത്യേക പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെസ്സിക്കു പ്രതിഫലമായി നല്‍കേണ്ടി വരുന്ന വന്‍തുക കണ്ടെത്താന്‍ ടീമിലെ പത്തോളം താരങ്ങളെ വില്‍ക്കാന്‍ പിഎസ്ജി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഓരോ വര്‍ഷവും 2.5 കോടി യൂറോ (ഏകദേശം 218 കോടി രൂപ) ആണ് പ്രതിഫലമായി മാത്രം പിഎസ്ജി മെസ്സിക്കു നല്‍കുക എന്നാണ് അറിയുന്നത്. മെസ്സിയുടെ വരവോടെ ടെലിവിഷന്‍, വാണിജ്യ കരാറുകളും ജഴ്‌സി വില്‍പനയും ക്ലബ്ബിന് നേട്ടമാകുമെങ്കിലും യുവേഫയുടെ സാമ്പത്തികനിയന്ത്രണങ്ങളുടെ പരിധി വിടാതിരിക്കാന്‍ മറ്റു വരുമാനങ്ങള്‍ കൂടി പിഎസ്ജി കണ്ടെത്തേണ്ടതുണ്ട്. ഇതിനാണ് താരങ്ങളെ വില്‍ക്കുന്നത് പരിഗണിക്കുന്നത്.

 

Most Popular