Wednesday, August 4, 2021
Home Newsfeed ജീവിത ശൈലീ രോഗങ്ങള്‍ കണ്ടെത്താന്‍ സൗജന്യ നിരക്കില്‍ പരിശോധനയുമായി മൈക്രോ ഹെല്‍ത്ത് ലാബ്

ജീവിത ശൈലീ രോഗങ്ങള്‍ കണ്ടെത്താന്‍ സൗജന്യ നിരക്കില്‍ പരിശോധനയുമായി മൈക്രോ ഹെല്‍ത്ത് ലാബ്

ദോഹ: സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ജീവിത ശൈലീ രോഗ നിര്‍ണയം നടത്തുന്നതിനുള്ള പരിശോധനാ കാമ്പയിനുമായി ഖത്തറിലെ പ്രമുഖ സ്വകാര്യ ലാബായ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ്. ജൂലൈ 1 മുതല്‍ 31വരെയാണ് ക്യാമ്പയിന്‍. തുടര്‍ച്ചയായി ഇത് 11ാം വര്‍ഷമാണ് മൈക്രോ ഹെല്‍ത്ത് ഇത്തരത്തിലുള്ള ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് സിഇഒ ഡോ. നൗഷാദ് സി കെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രവാസികളുടെ ജീവിതശൈലികള്‍ കാരണമുണ്ടാകുന്ന പ്രധാനപ്പെട്ട രോഗങ്ങളായ പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, കിഡ്‌നി രോഗം, കരള്‍ രോഗം, യൂറിക് ആസിഡ് തുടങ്ങിയവയെല്ലാം പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രക്ത സമ്മര്‍ദ്ദം, ബിഎംഐ, ബ്ലഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍(എല്‍ഡിഎല്‍, എച്ച്ഡിഎല്‍, വിഎല്‍ഡിഎല്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്), ബ്ലഡ് യൂറിയ, ക്രിയാറ്റിനിന്‍, യൂറിക്ക് ആസിഡ്, എസ്ജിപിടി ടെസ്റ്റ് തുടങ്ങിയവ പാക്കേജില്‍ ഉള്‍പ്പെടുന്നു. ഏകദേശം 500 റിയാലില്‍ കൂടുതല്‍ വരുന്ന പരിശോധന ക്യാമ്പയിന്‍ കാലയളവില്‍ വെറും 50 റിയാലിനാണ് നല്‍കുന്നത്.

കൊഴുപ്പ്, പ്യൂറിന്‍ എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണം, ജോലി സമ്മര്‍ദ്ദം, കാലാവസ്ഥ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം ഗള്‍ഫ് മേഖലയില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുഖ്മണി റെജി പറഞ്ഞു.

എല്ലാ ജീവിതശൈലീ രോഗങ്ങളും തുടക്കത്തില്‍ തന്നെ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്താല്‍ പൂര്‍ണമായും ഭേദപ്പെടുത്താനാവും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് പ്രവാസികള്‍ മൈക്രോഹെല്‍ത്ത് ലാബിന്റെ പരിശോധനാ ക്യാമ്പയിന്‍ പ്രയോജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 20 മുതല്‍ 25 ശതമാനം പേര്‍ക്ക് വിവിധ രോഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ തന്നെ 15 ശതമാനം പേര്‍ക്കും തങ്ങള്‍ രോഗികളാണെന്ന വിവരം അറിയില്ലായിരുന്നുവെന്ന് ഡോ. നൗഷാദ് ചൂണ്ടിക്കാട്ടി.

വീട്ടില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ഈ വര്‍ഷം വീട്ടില്‍ ചെന്ന് സാംപിള്‍ ശേഖരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് 50 റിയാല്‍ അധികം നല്‍കണം.

കോവിഡ് ബാധിതര്‍ക്ക് വേണ്ടി ഇത്തവണ പുതിയ രണ്ട് പാക്കേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. പോസ്റ്റ് കോവിഡ് ഹെല്‍ത്ത് ചെക്ക് അപ് എന്ന പേരിലാണ് ഈ ടെസ്റ്റുകള്‍. സങ്കീര്‍ണതകളില്ലാതെ രോഗം ഭേദമായവര്‍ക്കു വേണ്ടി ബേസിക് പരിശോധനയും ഗുരുതര രോഗത്തിന് ശേഷം ഭേദമായവര്‍ക്ക് അഡ്വാന്‍സ്ഡ് പരിശോധനയുമാണ് നല്‍കുന്നത്.

ക്യാമ്പയിന്‍ കാലയളവില്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 10 വരെ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് പ്രവര്‍ത്തിക്കും. കുറഞ്ഞത് 8 മണിക്കൂര്‍ ഫാസ്റ്റിങിന് ശേഷമാണ് പരിശോധനയ്ക്ക് വേണ്ടി എത്തേണ്ടത്. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 00974 44516822 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അബ്ദുല്‍ നാസര്‍, ലബോറട്ടറി അഡ്മിനിസ്‌ട്രേറ്റര്‍ ഷഫീഖ് സി, ടെക്‌നിക്കല്‍ അഫയേഴ്‌സ് ഹെഡ് സജീര്‍ കെ പി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Most Popular