Wednesday, June 23, 2021
Home Newsfeed അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ് ചെയ്ത് ഖത്തറിലെ രണ്ട് ആശുപത്രികള്‍ കൂടി

അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ് ചെയ്ത് ഖത്തറിലെ രണ്ട് ആശുപത്രികള്‍ കൂടി

ദോഹ: അല്‍ വക്‌റ ഹോസ്പിറ്റലിലും റാസ് ലഫാന്‍ ഹോസ്പിറ്റലിലും ഖത്തര്‍ ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി സന്ദര്‍ശനം നടത്തി. ഇവിടെയുള്ള അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതിനോട് അനുബന്ധിച്ചായിരുന്ന സന്ദര്‍ശനം.

രാജ്യത്ത് കോവിഡ് വൈറസിന്റെ രണ്ടാം തരംഗം നേരിടുന്നതിന് ഒരുക്കിയ ഏഴ് ആരോഗ്യ കേന്ദ്രങ്ങളില്‍ പെട്ടതായിരുന്നു അല്‍ വക്‌റയിലെയും റാസ് ലഫാനിലെയും ആശുപത്രികള്‍. ഹസം മെബൈരീക് ഹോസ്പിറ്റല്‍, കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ദി ക്യൂബന്‍ ഹോസ്പിറ്റല്‍, മിസഈദ് ഹോസ്പിറ്റല്‍, അല്‍ വക്റ ഹോസ്പിറ്റല്‍, ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്റര്‍ എന്നിവയാണ് മറ്റു കേന്ദ്രങ്ങള്‍. സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്ററില്‍ നിന്ന് അവസാന രോഗിയെ ഈ മാസം 15ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

രണ്ടാം തരംഗത്തില്‍ വൈറസിന്റെ വകഭേദം സൃഷ്ടിച്ച ഭീഷണി വലുതായിരുന്നുവെന്നും രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനെ നേരിടുന്നതില്‍ സഹിച്ച ത്യാഗങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തെ രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ട്. ആശുപത്രി സേവനം ആവശ്യമായ ഏതാനും രോഗികള്‍ മാത്രമേ ഇപ്പോള്‍ ഉള്ളു. ഈ സാഹചര്യത്തില്‍ കോവിഡ് ഹോസ്പിറ്റലുകള്‍ ക്രമേണ സാധാരണ രീതിയിലേക്കു മാറ്റുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ALSO WATCH

 

Most Popular