Saturday, April 17, 2021
Home Gulf Qatar ഖത്തറില്‍ 6,500 തൊഴിലാളികള്‍ മരിച്ചുവെന്ന ഗാര്‍ഡിയന്‍ റിപോര്‍ട്ടിനെതിരേ കടുത്ത വിമര്‍ശനം

ഖത്തറില്‍ 6,500 തൊഴിലാളികള്‍ മരിച്ചുവെന്ന ഗാര്‍ഡിയന്‍ റിപോര്‍ട്ടിനെതിരേ കടുത്ത വിമര്‍ശനം

ദോഹ: ഖത്തറിലെ പ്രവാസി തൊഴിലാളികളുടെ മരണം സംബന്ധിച്ച് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ പത്രം തയ്യാറാക്കിയ റിപോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വിമര്‍ശനം. 2022 വേള്‍ഡ് കപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 6,500ഓളം തൊഴിലാളികള്‍ മരിച്ചുവെന്ന രീതിയിലാണ് ഗാര്‍ഡിയന്‍ റിപോര്‍ട്ട്. ലോക കപ്പിന് തയ്യാറെടുക്കുന്ന ഖത്തറില്‍ 10 വര്‍ഷത്തിനിടെ ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 6,500ലേറെ തൊഴിലാളികള്‍ മരിച്ചതായാണ് റിപോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍, മരണ കാരണം സംബന്ധിച്ച മെഡിക്കല്‍ റിപോര്‍ട്ടുകളോ മരിച്ചവര്‍ ഏതെങ്കിലും ലോക കപ്പ് പദ്ധതികളില്‍ ജോലി ചെയ്തിരുന്നവരാണോ തുടങ്ങിയ ഔദ്യോഗിക രേഖകളൊന്നും ഹാജരാക്കാന്‍ ഗാര്‍ഡിയന് സാധിച്ചിട്ടില്ല. പകരം മരിച്ച തൊഴിലാളികളില്‍ പലരും ലോക കപ്പ് പദ്ധതികളില്‍ ജോലി ചെയ്യുന്നവരാണെന്നാണ് കരുതുന്നത് എന്ന തൊഴിലാളി അവകാശ പ്രവര്‍ത്തകന്റെ പ്രസ്താവന കൊടുക്കുക മാത്രമാണ് ചെയ്തത്.

അതേസമയം, ഖത്തറിനെതിരായി ചില പാശ്ചാത്യമാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണ കാംപയ്‌ന്റെ ഭാഗമാണ് ഈ റിപോര്‍ട്ടെന്ന് ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസ് ജേണലിസം പ്രൊഫസര്‍ നവാഫ് അല്‍ തമീമി പറഞ്ഞു. ഖത്തറിന്റെ പ്രതിഛായ തകര്‍ക്കാന്‍ ചില പത്രങ്ങള്‍ തുടര്‍ച്ചയായി ഇത്തരം റിപോര്‍ട്ടുകള്‍ പുറത്തുവിടുന്നുണ്ട്. ഖത്തര്‍ ലോക കപ്പിന് ആതിഥ്യം അരുളുന്നു എന്ന കാര്യം ഇത്തരം വ്യാജവാര്‍ത്തകളുടെ നിര്‍മിതിക്ക് പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2010 ഡിസംബര്‍ മുതല്‍ ആഴ്ച്ചയില്‍ ശരാശരി 12 പ്രവാസി തൊഴിലാളികള്‍ ഖത്തറില്‍ മരിച്ചതായി ഗാര്‍ഡിയന്‍ റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, എംബസിയില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം ഇതില്‍ പ്രവാസികളായ തൊഴിലാളികള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. മറിച്ച് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യക്കാരായ എല്ലാ പൗരന്മാരുടെയും മരണം ഉള്‍പ്പെടുത്തിയ കണക്കാണിത്. പ്രായാധിക്യം മൂലമുള്ള സാധാരണ മരണങ്ങള്‍, അസുഖം മൂലമുള്ള മരണങ്ങള്‍ മുതല്‍ വാഹനാപകടം വരെ ഈ കണക്കില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യം റിപോര്‍ട്ട് ചെയ്തു.

ഖത്തറിലുള്ള ഏഷ്യക്കാര്‍ മുഴുവന്‍ നിര്‍മാണ തൊഴിലാളികളാണെന്നും മറ്റൊരു മേഖലയിലും അവര്‍ ജോലി ചെയ്യുന്നില്ലെന്നും ധ്വനിപ്പിക്കുന്ന ഗാര്‍ഡിയന്‍ റിപോര്‍ട്ട് വംശീയമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
Misleading: Critics slam ‘deceptive’ Guardian report on migrant worker deaths in qatar

 

Most Popular