Tuesday, May 18, 2021
Home Newsfeed നഗരങ്ങളിലും വാണിജ്യ തെരുവുകളിലും കാര്‍ റിപ്പയറിങ് ബിസിനസിന് നിയന്ത്രണമേര്‍പ്പെടുത്തി ഖത്തര്‍ വാണിജ്യ മന്ത്രാലയം

നഗരങ്ങളിലും വാണിജ്യ തെരുവുകളിലും കാര്‍ റിപ്പയറിങ് ബിസിനസിന് നിയന്ത്രണമേര്‍പ്പെടുത്തി ഖത്തര്‍ വാണിജ്യ മന്ത്രാലയം

ദോഹ: നഗരങ്ങളിലും വാണിജ്യ തെരുവുകളിലും പ്രവര്‍ത്തിക്കുന്ന കാര്‍ മെയിന്റിനന്‍സ്, റിപ്പയറിങ് ബിസിനസിന് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യ മന്ത്രാലയം. ഇത്തരം സ്ഥലങ്ങളിലുള്ള കാര്‍ റിപ്പയറിങ് കേന്ദ്രങ്ങള്‍ താഴെ പറയുന്ന നിയന്ത്രണങ്ങള്‍ പാലിക്കണം.

1. പൊതു പാര്‍ക്കിങ് സ്ഥലങ്ങള്‍, റോഡരികുകള്‍, സമീപത്തുള്ള സ്ഥലങ്ങള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍ തുടങ്ങി ലൈസന്‍സ് അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലത്തിന് പുറത്ത് റിപ്പയറിങ് നടത്തരുത്
2. ഉപഭോക്താക്കളുടെ കാറുകള്‍ പൊതു പാര്‍ക്കിങ് സ്ഥലങ്ങള്‍, റോഡരികുകള്‍, സമീപത്തുള്ള സ്ഥലങ്ങള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യരുത്
3. റിപ്പയര്‍ പൂര്‍ത്തിയായ ഉടനെ കാര്‍ ഉപഭോക്താവിന് എത്തിക്കണം
4. റിപ്പയറിങ് ഷോപ്പില്‍ ചുരുങ്ങിയത് ഒരു കാറെങ്കിലും ഇടാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണെങ്കില്‍ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് ലൈസന്‍സ് മാറ്റണം

ഓട്ടോ ഇലക്ട്രിക്കല്‍ റിപ്പയര്‍, കാര്‍ ഓയില്‍ ചേഞ്ച്, ടയര്‍ റിപ്പയര്‍-മാറ്റല്‍-വില്‍പ്പന, ഓട്ടോ മെഷിനറി റിപ്പയര്‍, ഓട്ടോ റേഡിയേറ്റര്‍ റിപ്പയര്‍, കാര്‍ എക്‌സോസ്റ്റ് റിപ്പയര്‍, ഓട്ടോമൈബൈല്‍ ബ്രേക്കുകളുടെയും ഗിയര്‍ ഷിഫ്റ്റുകളുടെയും റിപ്പയര്‍, ഓട്ടോ ഗ്യാസ് റിപ്പയറും ഇന്‍സ്റ്റലേഷനും, ഓട്ടോ ഇലക്ട്രോണിക്‌സ് റിപ്പയര്‍, വീല്‍ അലൈന്‍മെന്റ്, ഓട്ടോമോട്ടീവ് കംപ്യൂട്ടര്‍ പ്രോഗ്രാമിങ്, കാര്‍ എയര്‍ കണ്ടീഷനിങ് റിപ്പയര്‍, കാര്‍ ആക്‌സസറി ഇന്‍സറ്റലേഷന്‍, കാര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, കാര്‍ ആക്‌സസറി വില്‍പ്പന തുടങ്ങിയവയ്‌ക്കൊക്കെ മുകളില്‍ പറഞ്ഞ നിബന്ധനകള്‍ ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.

നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 16001 എന്ന കോള്‍ സെന്റര്‍ നമ്പറിലോ @MOCIQATAR എന്ന ട്വിറ്റര്‍ അക്കൗണ്ടിലോ ബന്ധപ്പെടാവുന്നതാണ്.

Most Popular